ബംഗ്ലാദേശിനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ സഞ്ജു സാംസണിനെ ബാറ്റിങ് ഓർഡറിൽ എട്ടാമനാക്കിയതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വൺ ഡൗണായി ശിവം ദുബെയും അഞ്ചാമനായി സൂര്യകുമാർ യാദവും ആറാം നമ്പറിൽ തിലക് വർമയും ഏഴാമനായി ബൗളിങ് ഓൾറൗണ്ടർ അക്സർ പട്ടേലും ക്രീസിലെത്തിയപ്പോൾ മികച്ച ട്വന്റി20 ബാറ്ററായി അറിയപ്പെടുന്ന സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ഒമാനെതിരെ ഗ്രൂപ് മത്സരത്തിൽ മൂന്നാം നമ്പറിലിറങ്ങി അർധശതകം നേടി മാൻ ഓഫ് ദ മാച്ച് പട്ടം ചൂടിയതിന് പിന്നാലെ നടന്ന കളിയിലാണ് സഞ്ജുവിനെ ബാറ്റിങ് ഓർഡറിൽ അതിശയകരമായി താഴോട്ടിറക്കിയത്.
ഇതിനെതിരെ നിശിത വിമർശനമാണ് ഉയരുന്നത്. ബംഗ്ലാദേശിനെതിരായ ബാറ്റിങ് ഓർഡർ വിശദീകരിക്കാൻ കഴിയാത്ത വിഡ്ഢിത്തമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര കുറ്റപ്പെടുത്തി. സഞ്ജുവിനുമുമ്പ് അക്സർ പട്ടേൽ ക്രീസിലെത്തിയത് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ തുറന്നടിച്ചു. ‘കഴിഞ്ഞ വർഷം മൂന്ന് ട്വന്റി20 സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. അവനെ കളത്തിലിറക്കാതിരുന്നത് ഒട്ടും ജാഗ്രതയില്ലാത്ത സമീപനമായി. ഇന്ത്യൻ ബാറ്റർമാർ സ്ട്രൈക് റേറ്റിൽ വലിയ വ്യത്യാസം ഉള്ളവരല്ല. എട്ടുവരെയുള്ള ബാറ്റർമാർ എല്ലാവരും മികച്ച പ്രഹരശേഷി ഉള്ളവരാണ്. എന്നിട്ടും ബാറ്റിങ് ഓർഡറിൽ ഇത്തരത്തിൽ മാറ്റിത്തിരുത്തൽ വരുത്തിയതിന് പിന്നിലെ കാരണമെന്തെന്ന് മനസ്സിലാകുന്നില്ല’
ടീമിന്റെ അഞ്ചാം നമ്പർ ബാറ്റ്സ്മാനാണ് സഞ്ജുവെന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റ്യാൻ ടെൻ ഡൊഷാറ്റേ പറഞ്ഞത് ബുധനാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ്. എന്നാൽ, അഞ്ചിലോ, ആറിലോ എന്തിന് ഏഴിലോ പോലും സഞ്ജുവിന് അവസരം നൽകിയില്ല. ഹാർദിക് പാണ്ഡ്യയും തിലക് വർമയും ശിവം ദുബേയും വരെ അതിനു മുമ്പേ ക്രീസിലെത്തി.
‘കഴിഞ്ഞ 10 ഇന്നിങ്സുകളിൽ മൂന്നു സെഞ്ച്വറി നേടിയ താരം അടുത്ത ടൂർണമെന്റിൽ ബാറ്റിങ്ങിൽ എട്ടാമനാകുന്നു! ട്വന്റി20യിൽ ബാറ്റിങ് ഓർഡറിൽ ചടുലമാറ്റങ്ങൾ സ്വഭാവികമാണ്. എന്നാൽ, സഞ്ജുവിനെപ്പോലെ ടോപ് ഓർഡറിൽ സ്വപ്നസദൃശമായ പ്രകടനം നടത്തിയ ഒരാളെ ഇത്തരത്തിൽ തരംതാഴ്ത്താൻ പാടില്ലായിരുന്നു. ഏഷ്യാ കപ്പിൽ മൂന്നാം നമ്പറിൽ ബാറ്റുചെയ്യാൻ അവൻ തീർത്തും അർഹനായിരുന്നു’ -ആഭ്യന്തര ക്രിക്കറ്റിലെ മികവുറ്റ താരമായിരുന്ന പ്രിയങ്ക് പാഞ്ചാൽ ‘എക്സി’ൽ കുറിച്ചു.
‘സഞ്ജു സാംസണെ എട്ടാം നമ്പറിൽ ഇറക്കുകയെന്നത് ക്രിക്കറ്റിൽ ഒരു ന്യായവും പറയാനില്ലാത്ത കാര്യമാണ്. തീർത്തും അസ്വീകാര്യമാണിത്’ -മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ് ട്വീറ്റ് ചെയ്തു. ബാറ്റിങ് ഓർഡറിൽ ഒരു ലോജിക്കുമില്ലാതെ വരുത്തിയ മാറ്റങ്ങളെ മുൻ ക്യാപ്റ്റൻ രവി ശാസ്ത്രിയും വിമർശിച്ചു.