‘ഞാൻ ഒരു യന്ത്രമല്ല, റോബോട്ടുമല്ല…’; വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ വിമർശകരുടെ വായടപ്പിച്ച് സഞ്ജുവിന്‍റെ ‘തഗ് ഡയലോഗ്’


ന്യൂഡൽഹി: വെടിക്കെട്ട് അർധ സെഞ്ച്വറി നേടി വിമർശകർക്ക് മറുപടി നൽകിയതിനു പിന്നാലെ അവരുടെ വായടപ്പിച്ചും മലയാളി താരം സഞ്ജു സാംസൺ. 22 പന്തിൽ നാല് സിക്സും ഏഴ് ഫോറും സഹിതം 57 റൺസെടുത്ത സഞ്ജുവാണ് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ ജയവും പരമ്പര വിജയവും എളുപ്പമാക്കിയത്.

ആദ്യ ഏകദിനത്തിൽ നിരാശപ്പെടുത്തിയ സഞ്ജു വലിയ വിമർശനം നേരിട്ടിരുന്നു. രണ്ടാം ഏകദിനത്തിൽ താരം കളിക്കുമോയെന്നതിലും വലിയ ആശങ്കയുണ്ടായിരുന്നു. പൊതുവെ വിമര്‍ശനങ്ങളോടും ഗ്രൗണ്ടിന് പുറത്തെ കോലാഹലങ്ങളോടും പ്രതികരിക്കാത്ത സഞ്ജു, മത്സരശേഷം തഗ് ഡയലോഗുമായാണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. വിമര്‍ശനങ്ങള്‍ തന്നെ മുമ്പ് ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിലേക്ക് അധികശ്രദ്ധ നല്‍കാതിരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും താരം വെളിപ്പെടുത്തി. ‘ഞാൻ വൈഫൈ ഓഫ് ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ചിലപ്പോൾ വൈഫൈ ഓൺ ആയിപ്പോവുകയും ചില കമന്‍റുകൾ എന്‍റെ ശ്രദ്ധയിൽപെടുകയും ചെയ്യാറുണ്ട്’ -മത്സരശേഷം സഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

ചില സീനിയർ കളിക്കാർ എന്തെങ്കിലും പറയും, മറ്റുചിലർ ഒന്നും പറയില്ല. അതൊക്കെ സർവ സാധാരണമാണ്. അത് അവരവരുടെ ഇഷ്ടമാണെന്നാണ് കരുതുന്നത്. എന്ത് വാക്കുകൾ ഉപയോഗിക്കണം എന്നത് അവരുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും. അത് പൂർണമായും അവരെ ആശ്രയിച്ചാണിരിക്കുന്നത്. അവർക്ക് അനുകൂലമോ പ്രതികൂലമോ ആയിരിക്കാം. ഇതെല്ലാം നേരിടാനുള്ള പക്വതയും അനുഭവസമ്പത്തും തനിക്കുണ്ടെന്നും താരം വ്യക്തമാക്കി. ‘വിമർശനങ്ങളിൽ ചെറിയ വിഷമം തോന്നാറുണ്ട്. താൻ ഒരു യന്ത്രമല്ല, റോബോട്ടുമല്ല. ഞങ്ങളാരുമല്ല. അതുകൊണ്ട് ആ കമന്‍റുകള്‍ ബാധിക്കാറില്ല എന്ന് പറയാന്‍ കഴിയില്ല. ഉറപ്പായും അവ ബാധിക്കും. പക്ഷേ അതിലേക്ക് ശ്രദ്ധ കൊടുക്കാന്‍ ഞാന്‍ നിന്നാല്‍ ഒരിക്കലും ഇതുപോലെ ബാറ്റ് ചെയ്യാന്‍ പറ്റില്ല. പന്ത് അടിക്കുന്നതിന് മുമ്പ് ഞാൻ പത്ത് തവണ ചിന്തിക്കുമായിരുന്നു’ -സ‍ഞ്ജു വിശദീകരിച്ചു.

ഓപ്പണിങ് സ്ഥാനത്തിനായി വൈഭവ് സൂര്യവംശിയുമായും അഭിഷേകുമായും മത്സരിക്കുകയാണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ക്കും സഞ്ജു മറുപടി നൽകി. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് വൈഭവും അഭിഷേകും എതിരാളികളാണെന്നും അവരോട് മല്‍സരിക്കുകയാണെന്നും തോന്നും. പക്ഷേ തങ്ങള്‍ ഒരു ടീമാണ്. രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. കളി ജയിക്കുകയാണ് ആദ്യ ലക്ഷ്യം. പിന്നെയാണ് വ്യക്തികള്‍ വരുന്നതെന്നും താരം കൂട്ടിച്ചേർത്തു. മത്സത്തിലേക്ക് വന്നാൽ, അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അനായാസമാണ് ഇന്ത്യ മറികടന്നത്. സഞ്ജുവും അഭിഷേകും ചേര്‍ന്ന് 88 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടുകെട്ട് തീര്‍ത്തതോടെ 14.5 ഓവറില്‍ ലക്ഷ്യം കണ്ടു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളിയും ഇന്ത്യ ജയിച്ചിരുന്നു.

അഭിഷേക് ശർമയും (19 പന്തിൽ 39) ഇഷാൻ കിഷനും (23 പന്തിൽ 38*) തിളങ്ങി. തിലക് വർമ (15*) ഇഷാനൊപ്പം പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനുവേണ്ടി 33 പന്തിൽ 37 റൺസ് നേടി നായകനും ഓപണറുമായ ഇബ്രാഹിം സദ്രാൻ ടോപ് സ്കോററായി. ഇന്ത്യൻ ബൗളർമാരിൽ നിതീഷ് കുമാർ റെഡ്ഡി മൂന്നും അർഷ്ദീപ് സിങ് രണ്ടും ജസ്പ്രീത് ബുംറയും അക്ഷർ പട്ടേലും രവി ബിഷ്ണോയിയും ഓരോ വിക്കറ്റും വീഴ്ത്തി. അക്കൗണ്ട് തുറക്കുംമുമ്പെ അഫ്ഗാന് ഓപണർ റഹ്മാനുല്ല ഗുർബാസിനെ (0) നഷ്ടമായി. പ്രഥമ ഓവർ മെയ്ഡനാക്കി പേസർ ബുംറ. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഗുർബാസിനെ ബിഷ്ണോയി പിടിച്ചു. മൂന്നാമൻ സെദീഖുല്ല അതാലിനെ കൂട്ടിന് നിർത്തി സദ്രാൻ രക്ഷാപ്രവർത്തനം തുടങ്ങി. ഈ സഖ്യം 51 റൺസ് ചേർത്തു. നിതീഷ് കുമാർ എറിഞ്ഞ ഒമ്പതാം ഓവറിൽ സദ്രാനെ ബിഷ്ണോയി തന്നെ ക്യാച്ചെടുത്തു. അടുത്ത ഓവറിൽ ബിഷ്ണോയിക്ക് വിക്കറ്റും കിട്ടി. അതാലിനെ (15 പന്തിൽ 12) തിലക് വർമയുടെ കൈകളിലെക്കയച്ചു. മൂന്നിന് 59. ഗുലാബ്ദിൻ നാഇബ് (എട്ട് പന്തിൽ 10) സഞ്ജു സാംസണിന്റെ ഗ്ലൗസിലൊതുങ്ങി. നിതീഷിന് രണ്ടാം വിക്കറ്റ്. 67ൽ നാലാം വിക്കറ്റ് വീണതോടെ ദർവീഷ് റസൂൽ-അസ്മത്തുല്ല ഉമർസായി സഖ്യത്തിലായി പ്രതീക്ഷ.

കഴിഞ്ഞ മത്സരത്തിൽ അർധ ശതകം നേടിയ ടോപ് സ്കോററായ അസ്മത്തുല്ല പക്ഷെ ഇക്കുറി പരാജയമായി. 10 പന്തിൽ 11 റൺസെടുത്ത ബാറ്റർ തിലകിന് രണ്ടാം ക്യാച്ച് നൽകി. അക്ഷർ പട്ടേലിനായിരുന്നു വിക്കറ്റ്. സ്കോർ മൂന്നക്കം കടന്നയുടനെ ദർവീഷിനും (15 പന്തിൽ 26). അർഷ്ദീപ് എറിഞ്ഞ 15ാം ഓവറിൽ, തിലകിന് മറ്റൊരു ക്യാച്ച് സമ്മാനിച്ച് താരം തിരിച്ചുനടന്നു. മുഹമ്മദ് നബി-റാഷിദ് ഖാൻ കൂട്ടുകെട്ടിന്റെ പോരാട്ടം സ്കോർ 150ന് അരികിലെത്തിച്ചു. 14 പന്തിൽ 20 റൺസടിച്ച നബിയെ 19ാം ഓവറിൽ നായകൻ ശ്രേയസ് അയ്യരെ ഏൽപിച്ചു ബുംറ. അവസാന ഓവറിൽ റാഷിദ് (16 പന്തിൽ 18) നിതീഷിന് ഇരയായി. നൂർ അഹ്മദും (7) മുജീബുർറഹ്മാനും (4) പുറത്താവാതെ നിന്നു.

© Madhyamam