
അഫ്ഗാനിസ്താനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുത്തു. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയിച്ച് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ കളിയിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയിരുന്നു. പരിക്കിനെ തുടർന്ന് സ്പിന്നർ വരുൺ ചക്രവർത്തി പരമ്പരയിൽ നിന്ന് പുറത്തായതോടെ രവി ബിഷ്‌ണോയ് ടീമിൽ ഇടംപിടിച്ചു. മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ വിക്കറ്റ് കീപ്പറായി തുടരും. പ്രതീക്ഷ തുടരാൻ അഫ്ഗാന് ഇന്ന് ജയിച്ചേ തീരൂ.
32 പന്തിൽ 82 റൺസ് അടിച്ച ഓപണർ അഭിഷേക് ശർമയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ആദ്യ മത്സരം സ്വന്തമാക്കിയത്. എന്നാൽ, ഓപണറായിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന് (10 റൺസ്) തിളങ്ങാൻ സാധിക്കാത്തത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. കൗമാര ബാറ്റർ വൈഭവ് സൂര്യവംശി അവസരം കാത്ത് ബെഞ്ചിലിരിക്കുമ്പോഴാണ് സഞ്ജു തുടർച്ചയായ മൂന്നാം പരമ്പരയിലും നിറംമങ്ങിയിരിക്കുന്നത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ അഞ്ചാം ബൗളറുടെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ് ശ്രേയസിനും പരിശീലകൻ ഗൗതം ഗംഭീറിനും മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇബ്രാഹിം സദ്രാൻ നയിക്കുന്ന അഫ്ഗാൻ നിര അസ്മത്തുല്ല ഉമർസായി, റഹ്മാനുല്ല ഗുർബാസ്, റാഷിദ് ഖാൻ, മുഹമ്മദ് നബി തുടങ്ങിയവരുടെ പ്രകടനത്തിലാണ് പ്രതീക്ഷ വെക്കുന്നത്.
ഇന്ത്യൻ പ്ലേയിങ് ഇലവൻ:
സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്.
അഫ്ഗാനിസ്താൻ പ്ലേയിങ് ഇലവൻ:
റഹ്മാനുല്ല ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), സെദീഖുല്ല അതാൽ, ഗുൽബദിൻ നായിബ്, ദർവിഷ് റസൂലി, അസ്മത്തുല്ല ഉമർസായി, മുഹമ്മദ് നബി, റഷീദ് ഖാൻ, നൂർ അഹമ്മദ്, മുജീബുർ റഹ്മാൻ, ഫസൽഹഖ് ഫാറൂഖി.
