
മലയാളി താരം സഞ്ജു സാംസണിന്റെ അവസ്ഥയിൽ തനിക്ക് സഹതാപമുണ്ടെന്ന് മുൻ ഇന്ത്യൻ നായകൻ ക്രിസ് ശ്രീകാന്ത്. ഇന്ത്യൻ ടീം മാനേജ്മെന്റ് താരത്തെ വെച്ച് തമാശ കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ടീം സഞ്ജുവിനെ കൂടുതൽ അവസരങ്ങൾ നൽകുകയോ പൂർണമായി ഒഴിവാക്കി യുവതാരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കുകയോ ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള രണ്ടാം ട്വന്റി 20 ഇന്ന് നടക്കാനിരിക്കെയാണ് ശ്രീകാന്തിന്റെ പ്രതികരണം.
“ഇന്ത്യൻ ടീം മാനേജ്മെന്റ് സഞ്ജു സാംസണിനെ വെച്ച് തമാശ കളിക്കുകയാണ്. എനിക്ക് അവനോട് സഹതാപം തോന്നുന്നു. ഒന്നെങ്കിൽ അവന് പരമ്പരയിൽ മുഴുവൻ അവസരം നൽകണം. അല്ലെങ്കിൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കി വൈഭവ് സൂര്യംവശിയെ കളിപ്പിക്കട്ടെ. ഇടയ്ക്കിടെ ഇരുവർക്കും കുറച്ച് മത്സരങ്ങൾ നൽകുന്നുവെന്നതാണ് ഇന്ത്യ വരുത്തുന്ന തെറ്റ്. അത് താരങ്ങൾക്ക് ഒരിക്കലും ഗുണകരമല്ല” – ക്രിസ് ശ്രീകാന്ത് പറഞ്ഞു.
ട്വന്റി 20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ വിജയത്തിൽ നിർണായക സാന്നിധ്യമായിരുന്ന സഞ്ജു നിലവിൽ മോശം ഫോമിലാണ്. ലോകകപ്പിന് ശേഷം നടന്ന നാല് മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ പരാജയപ്പെട്ടതോടെ താരത്തിന് സിംബാബ്വെ പര്യടനത്തിൽ അവസരം ലഭിച്ചിരുന്നില്ല.
അഫ്ഗാനിസ്താനെതിരെയുള്ള പരമ്പരയിൽ തിരിച്ചെത്തിയെങ്കിലും സഞ്ജു ആദ്യ മത്സരത്തിൽ ചെറിയ സ്കോറിന് പുറത്തായിരുന്നു. താരം രണ്ടാം ട്വന്റി 20ക്കുള്ള പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുമോ എന്ന ആശങ്ക നിലനിൽക്കെയാണ് ശ്രീകാന്തിന്റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം.
