മുംബൈ: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനായി ബി.സി.സി.ഐ അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റിനെതിരെ മുൻ ഇന്ത്യൻ താരം മനോജ് തിവാരി.
രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റി നിർത്താനാണ് ഇത്തരം ടെസ്റ്റുകൾ കൊണ്ടുവരുന്നതെന്നും തിവാരി പറയുന്നു. പേസ് ബൗളർമാരുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനാണ് ബ്രോങ്കോ ടെസ്റ്റെന്നാണ് ടീം പരിശീലകരുടെ വാദം. റഗ്ബി പരിശീലനത്തിനു സമാനമായി 20 മീറ്റർ, 40 മീറ്റർ, 60 മീറ്റർ എന്നിങ്ങനെ ഷട്ടിൽ റണ്ണാണ് ബ്രോങ്കോ ടെസ്റ്റിലുള്ളത്. സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ച് അഡ്രിയാൻ ലെ റോക്സിന്‍റെ നിർദേശ പ്രകാരമാണ് ജിമ്മിലെ വർക്കൗട്ടിനേക്കാൾ ഗ്രൗണ്ടിലെ വർക്കൗട്ടിലേക്ക് പേസർമാരെ മാറ്റുന്നത്. മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഈ നിർദേശം അംഗീകരിക്കുകയായിരുന്നു.
എന്നാൽ, ടെസ്റ്റ് അവതരിപ്പിച്ച സമയം ചൂണ്ടിക്കാട്ടിയാണ് തിവാരി ആശങ്ക പങ്കുവെക്കുന്നത്. ‘2027 ഏകദിന ലോകകപ്പിനുള്ള ടീമിൽനിന്ന് വിരാട് കോഹ്ലിയെ മാറ്റിനിർത്തുക അത്ര എളുപ്പമല്ല. എന്നാൽ, രോഹിത് ശർമയെ ലക്ഷ്യമിട്ടാണ് ഇതെന്ന് സംശയിക്കുന്നു’ -തിവാരി ക്രിക് ട്രാക്കറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന ഒരാളാണ് താൻ. ഏതാനും ദിവസങ്ങൾ മുമ്പ് നടപ്പാക്കിയ ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമയെ പോലുള്ള താരങ്ങളെ ലക്ഷ്യമിട്ടാണെന്നാണ് തന്‍റെ വിശ്വാസം. ഭാവിയിൽ ടീമിന്റെ ഭാഗമാകാൻ അവർ ആഗ്രഹിക്കാത്ത ഒരു താരമായാണ് രോഹിത്തിനെ കാണുന്നത്. അതുകൊണ്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നും തിവാരി കൂട്ടിച്ചേർത്തു. ബ്രോങ്കോ ടെസ്റ്റ് പാസ്സാകുന്നത് രോഹിത്തിനെ സംബന്ധിച്ചെടുത്തോളം കഠിനമായിരിക്കും. അതുകൊണ്ടു തന്നെ ഇന്ത്യൻ സ്ക്വാഡിൽനിന്ന് താരത്തെ ഒഴിവാക്കുന്നതിന് സെലക്ടർമാർക്ക് ഒരു കാരണമായെന്നും തിവാരി പറയുന്നു.
ഒരു ചോദ്യം മാത്രം, എന്തുകൊണ്ട് ഇപ്പോൾ? ഇത് ആരുടെ ആശയമാണ്? ആരാണ് ഇത് അവതരിപ്പിച്ചത്? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. രോഹിത് ഫിറ്റ്നസിൽ കഠിനാധ്വാനം ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന് ടെസ്റ്റ് പാസ്സാകുന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. ബ്രോങ്കോ ടെസ്റ്റിൽ താരം പരാജയപ്പെടുമെന്നും തിവാരി കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് പേസർമാരുടെ ഫിറ്റ്നസ് ചർച്ചയായത്. എല്ലാ മത്സരങ്ങളിലും കളിച്ച മുഹമ്മദ് സിറാജ് മാത്രമാണ് പരമ്പരയിലുടനീളം മികച്ച ഫിറ്റ്നസ് നിലനിർത്തിയത്. രണ്ട് പേസർമാർ നന്നേ ക്ഷീണിതരായെന്നും റിപ്പോർട്ടുണ്ടായിരുന്നു. ബംഗളൂരുവിലെ ബി.സി.സി.ഐ പരിശീലന കേന്ദ്രത്തിൽ ചില മുതിർന്ന താരങ്ങൾ നേരത്തെതന്നെ ബ്രോങ്കോ ടെസ്റ്റിൽ ഏർപ്പെട്ടിരുന്നു. യോ-യോ ടെസ്റ്റും രണ്ട് കിലോമീറ്റർ ടൈം ട്രയലും നിലവിൽ ഫിറ്റ്നസ് പരിശോധിക്കാനായി നടത്തുന്നുണ്ട്.
ബ്രോങ്കോ ടെസ്റ്റിൽ 20 മീറ്റർ ഷട്ടിൽ റണ്ണാണ് ആദ്യത്തേത്. 40 മീറ്ററും 60 മീറ്ററും ഷട്ടിൽ റണ്ണാണ് ഇതിനു ശേഷമുള്ളത്. ഇത്തരത്തിൽ അഞ്ച് സെറ്റ് പൂർത്തിയാക്കണം. ആകെ 1200 മീറ്റർ ഓട്ടം ഇടവേളയില്ലാതെ ആറ് മിനിറ്റിനകം പൂർത്തിയാക്കണം. രണ്ട് കിലോമീറ്റർ ടൈം ട്രയൽ ഫാസ്റ്റ് ബൗളർമാർ എട്ട് മിനിറ്റ് 15 സെക്കൻഡിലും ബാറ്റർമാർ, സ്പിൻ ബൗളർമാർ, വിക്കറ്റ് കീപ്പർമാർ എന്നിവർ എട്ട് മിനിറ്റ് 30 സെക്കൻഡിലും പൂർത്തിയാക്കണം. 20 മീറ്റർ അകലത്തിലുള്ള മാർക്കറുകൾക്കിടയിലാണ് യോ-യോ ടെസ്റ്റ്. ഓരോ 40 മീറ്ററിലും 10 സെക്കൻഡ് ബ്രേക്കെടുക്കാം. ഇന്ത്യൻ ടീമിന്‍റെ മിനിമം യോ-യോ ലെവൽ 17.1ലാണ് സെറ്റ് ചെയ്തിരിക്കുന്നത്.