'ആസ്ട്രേലിയക്ക് പഴയ പ്രതാപമില്ല'; ബംഗ്ലാദേശിനോട് പോലും നാണംകെട്ടു, ആഞ്ഞടിച്ച് ദക്ഷിണാഫ്രിക്കൻ ഇതിഹാസം



മുൻകാലങ്ങളിലെ ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പ്രതാപവും ഭയപ്പെടുത്തുന്ന പ്രതിച്ഛായയും ഇപ്പോഴത്തെ ടീമിനില്ലെന്ന് ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം അലൻ ഡൊണാൾഡ്. ബാറ്റിംഗ് നിരയുടെ ദയനീയ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഓസീസിന് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മത്സരത്തിലെ ആദ്യ പന്ത് എറിയുന്നതിന് മുമ്പ് തന്നെ എതിരാളികളുടെ മേൽ മാനസികമായി ആധിപത്യം സ്ഥാപിച്ചിരുന്ന ഒരു ആസ്ട്രേലിയൻ ടീം ഉണ്ടായിരുന്നു. സ്റ്റീവ് വോയുടെയും റിക്കി പോണ്ടിങ്ങിന്റെയും കീഴിൽ അതിശക്തമായ ബാറ്റിംഗ് നിരയും ഒപ്പം ഗ്ലെൻ മഗ്രാത്ത്, ജേസൺ ഗില്ലസ്പി, ബ്രെറ്റ് ലീ, ഷെയ്ൻ വോൺ എന്നിവരടങ്ങിയ വിനാശകാരികളായ ബൗളിംഗ് നിരയും എതിരാളികൾക്ക് ഒട്ടും വിശ്രമം അനുവദിച്ചിരുന്നില്ല.

ആ പഴയ ആസ്ട്രേലിയൻ ടീമിനെ തനിക്ക് നന്നായി അറിയാമെന്ന് ഡൊണാൾഡ് പറയുന്നു. എന്നാൽ, ഇപ്പോൾ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് തയ്യാറെടുക്കുന്ന ഓസീസ് ടീമിന്റെ അവസ്ഥ തികച്ചും വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അടുത്തിടെ ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ ഓസ്ട്രേലിയയുടെ ദൗർബല്യങ്ങൾ മറനീക്കി പുറത്തുവന്നിരുന്നു. ഡാർവിനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒമ്പത് വിക്കറ്റിന്റെ അപ്രതീക്ഷിത തോൽവിയാണ് ഓസീസ് വഴങ്ങിയത്. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 51 റൺസിനും വിജയിച്ച് പരമ്പര 1-1ന് സമനിലയിലാക്കിയെങ്കിലും ഓസീസ് ബാറ്റിംഗ് നിരയുടെ സ്ഥിരതയില്ലായ്മ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ 198 റൺസിന് പുറത്തായ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശ് 426 റൺസാണ് അടിച്ചുകൂട്ടിയത്.

“ആസ്ട്രേലിയൻ ടീമിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 2000-കളുടെ തുടക്കത്തിൽ അവർ എതിരാളികൾക്ക് ഒരു പേടിസ്വപ്നമായിരുന്നു. വോൺ, മഗ്രാത്ത്, ഗില്ലസ്പി, ലീ എന്നിവർക്കൊപ്പം പകരം വെക്കാനില്ലാത്ത ഒരു ബാറ്റിംഗ് നിരയും അവർക്കുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ വ്യത്യസ്തമാണ്,” സ്‌പോർട്‌സ് ബൂമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഡൊണാൾഡ് പറഞ്ഞു.

ബാറ്റിംഗ് നിരയുടെ തകർച്ചയാണ് ടീം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ബംഗ്ലാദേശിനോട് അവർ ശരിക്കും നാണംകെട്ടു. ബാറ്റിംഗ് നിരയുടെ ഫോമില്ലായ്മയാണ് ഇതിന് കാരണം. ബാറ്റർമാർക്ക് ക്രീസിൽ പിടിച്ചുനിൽക്കാൻ കഴിയാത്തത് ബൗളർമാരുടെ മേൽ വലിയ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ബൗളർമാർക്ക് വിശ്രമിക്കാനുള്ള സമയം പോലും ബാറ്റിംഗ് നിര നൽകുന്നില്ല. നിലവിൽ ആസ്ട്രേലിയ വലിയ പ്രതിസന്ധിയിലാണ്.”

ബാറ്റിംഗ് നിര നിരാശപ്പെടുത്തുമ്പോഴും ഓസ്ട്രേലിയയുടെ പേസ് ബൗളിംഗ് നിരയെ ഡൊണാൾഡ് പുകഴ്ത്തി. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളർമാരാണെന്നും, പേസർമാരെ തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ ഈ ത്രയം അപകടകാരികളാകുമെന്നും അദ്ദേഹം പറഞ്ഞു. ബാറ്റിംഗിലെ പോരായ്മകൾക്കിടയിലും ഓസ്ട്രേലിയയുടെ ഈ കരുത്ത് തള്ളിക്കളയാനാകില്ലെന്നും ഡൊണാൾഡ് വ്യക്തമാക്കി.

ഒക്ടോബർ ഒമ്പതിന് ഡർബനിലാണ് ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. തുടർന്ന് ഗ്വെബെർഹയിലും കേപ്ടൗണിലുമായി മറ്റു മത്സരങ്ങൾ നടക്കും. 2018-ലാണ് ഓസ്ട്രേലിയ അവസാനമായി ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കളിച്ചത്. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർ ഉൾപ്പെട്ട കുപ്രസിദ്ധമായ ‘പന്ത് ചുരണ്ടൽ വിവാദം’ നടന്നത് ആ പരമ്പരയിലായിരുന്നു.

അന്ന് ദക്ഷിണാഫ്രിക്ക 3-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. എട്ട് വർഷങ്ങൾക്ക് ശേഷം ഓസീസ് വീണ്ടും ദക്ഷിണാഫ്രിക്കയിൽ എത്തുമ്പോൾ, മുൻപത്തെ ആ ഭയപ്പെടുത്തുന്ന പരിവേഷം അവർക്കില്ലെന്നാണ് അലൻ ഡൊണാൾഡ് അടിവരയിടുന്നത്.



© Madhyamam