
കൊച്ചി: വനിത പ്രീമിയർ ലീഗ് (ഡബ്ല്യൂ.പി.എൽ) 2027 സീസണിന് മുന്നോടിയായുള്ള താരലേലം ഒക്ടോബർ 28ന് കൊച്ചിയിൽ നടക്കും. ഡബ്ല്യൂ.പി.എൽ ഗവേർണിങ് കൗൺസിലിന്റെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രാഥമിക തീരുമാനമുണ്ടായത്.
ഡബ്ല്യൂ.പി.എല്ലിന്റെ വേദി മാറ്റത്തിന്റെ സാധ്യതയെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. യു.പി വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ടായ വാരാണാസിയിലേക്ക് മാറ്റുന്നതിനെ കുറിച്ചാണ് ആലോചനയുള്ളത്. നിലവിൽ ടൂർണമെന്റ് മുംബൈയിലെ ബ്രബോൺ സ്റ്റേഡിയവും വഡോദരയിലെ കോട്ടമ്പി സ്റ്റേഡിയവുമാണ് വേദികളായി നിശ്ചയിച്ചിരിക്കുന്നത്.
“വാരാണസിയിലെ സ്റ്റേഡിയം സീസൺ ആരംഭിക്കുന്നതിന് മുമ്പ് സജ്ജമാകുമോയെന്ന് ബി.സി.സി.ഐ സംഘം പരിശോധിക്കും. അതിന് ശേഷം അവിടെ മത്സരങ്ങൾ നടത്തുന്നതിനെ കുറിച്ച് തീരുമാനമെടുക്കും. നിലവിൽ വേദികൾ മുംബൈയും വഡോദരയുമാണ്” -ബി.സി.സി.ഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രഥമ വനിത ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ടെങ്കിലും ഡബ്ല്യൂ.പി.എൽ 2027 സീസൺ പതിവ് പോലെ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ തന്നെ നടത്താനാണ് തീരുമാനം. ഫെബ്രുവരി 14 മുതൽ 28 വരെയാണ് ചാമ്പ്യൻസ് ട്രോഫി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഡബ്ല്യൂ.പി.എൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വേദികളായ ബ്രബോൺ സ്റ്റേഡിയത്തിലും കോട്ടമ്പി സ്റ്റേഡിയത്തിലുമാണ് ചാമ്പ്യൻസ് ട്രോഫിയും നടക്കുക.
