അബുദബി: അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങളെ ആദ്യം ബൗളിങ്ങിലും പിന്നാലെ ബാറ്റിങ്ങിലും വിറപ്പിച്ച് ഒമാന്റെ കീഴടങ്ങൽ. ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ വിജയം.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മലയാളി താരം സഞ്ജു സാംസൺ ആണ് (56) വെടിക്കെട്ട് ബാറ്റിങ്ങുമായി 188 റൺസ് എന്ന സുരക്ഷിത സ്കോറിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും എട്ട് വിക്കറ്റുകൾ നഷ്ടമായെന്നത് സ്ഥിരതയില്ലാത്ത ബാറ്റിങ്ങിന്റെ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
മറുപടി ബാറ്റിങ്ങിൽ ഒമാൻ നാലു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്ത്, ഇന്ത്യയെ ഞെട്ടിച്ചു.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ 45 പന്തിൽ 56 റൺസുമായി ടോപ് സ്കോറർ ആയി നിന്നു. ഓപണർ അഭിഷേക് ശർമ (38), അക്സർ പട്ടേൽ (26), തിലക് വർമ (29) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവർ. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (5) രണ്ടാം ഓവറിൽ തന്നെ കീഴടങ്ങി. ഹാർദിക് പാണ്ഡ്യ (1) ഒരു പന്ത് നേരിട്ടതിനു പിന്നാലെ നോൺസ്ട്രൈക്കിങ് എൻഡിൽ റൺ ഔട്ടായി പുറത്തായി. ശിവം ദുബെ (5), അർഷ്ദീപ് സിങ് (1), കുൽദീപ് യാദവ് (1) എന്നിവരുടെ വിക്കറ്റുകളും ടീമിന് നഷ്ടമായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന്റെ മുൻനിര ബാറ്റർമാർ ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങിനെ വെള്ളം കുടിപ്പിച്ചു. ഓപണർ ജതിന്ദർ സിങ് (32), ആമിർ ഖലീം (64), ഹമദ് മിർസ (51) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ഒരുവേള ഒമാന്റെ വിജയവും പ്രതീക്ഷിച്ചു. രണ്ടാം വിക്കറ്റ് നഷ്ടമായത് 149 റൺസിലെത്തിയപ്പോൾ മാത്രമായിരുന്നു. ഒന്നിന് 145ലെത്തിയവർക്ക് പക്ഷേ, പത്ത് റൺസ് കൂട്ടിചേർക്കുന്നതിനിടെ അടുത്ത മൂന്ന് വിക്കറ്റുകൾ കൊഴിഞ്ഞത് തിരിച്ചടിയായി. ഇതോടെ, മത്സരം ഇന്ത്യ തിരികെ പിടിക്കുകയായിരുന്നു. അവസാന ഓവറുകളിൽ ഹർഷിദ് റാണ, കുൽദീപ് യാദവ്, ഹാർദിക് പണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടൂർണമെന്റിലെ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ സ്ഥാനക്കയറ്റം നേടി മൂന്നാമനായി ക്രീസിലെത്തിയ അവസരത്തിനൊത്തുയർന്നു. മൂന്ന് സിക്സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.
മൂന്നിൽ മൂന്നും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ സൂപ്പർ ഫോറിലേക്കുള്ള ആധികാരിക പ്രവേശനം.
സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഞായറാഴ്ച പാകിസ്താനെ നേരിടും. 24ന് ബംഗ്ലാദേശിനും, 26ന് ശ്രീലങ്കക്കും എതിരാണ് ഇന്ത്യയുടെ മത്സരങ്ങൾ.