ന്യൂഡൽഹി: ‘ഭരണഘടനാ പ്രതിസന്ധി’ നിലനിൽക്കുന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് അന്ത്യശാസനവുമായി ഫിഫയും ഏഷ്യൻ ഫുട്ബാൾ അസോസിയേഷനും. ഒക്ടോബർ 30നകം പുതുക്കിയ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നില്ലെങ്കിൽ വിലക്കുമെന്നാണ് ഭീഷണി. വിലക്കപ്പെട്ടാൽ ദേശീയ ടീമിനും രാജ്യത്തെ ടീമുകൾക്കും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനാകില്ല. 2036ലെ ഒളിമ്പിക്സ് ആതിഥേയത്വ മോഹവും പ്രതിസന്ധിയിലാകും.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബേക്ക് ആഗസ്റ്റ് 26ന് അയച്ച രണ്ടു പേജ് കത്തിലാണ് ഫിഫയും എ.എഫ്.സിയും നടപടി മുന്നറിയിപ്പ് നൽകുന്നത്. 2017 മുതൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായിട്ടും ഇതുവരെ തീർപ്പിലെത്താനായിട്ടില്ല. ഇന്നു വീണ്ടും പരമോന്നതകോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.
പുതുക്കിയ ഭരണഘടനക്ക് സുപ്രീംകോടതി അംഗീകാരം ഉറപ്പാക്കുക, ഫിഫയുടെയും എ.എഫ്.സിയുടെയും ചട്ടങ്ങൾ പാലിക്കുന്നതാക്കുക, ഫെഡറേഷന്റെ തൊട്ടടുത്ത ജനറൽ ബോഡിയിൽ അംഗീകാരം നൽകുക എന്നിവയാണ് ഫിഫ കത്തിലെ നിർദേശങ്ങൾ. ഈ സമയത്തിനകം പൂർത്തിയാക്കാനായില്ലെങ്കിൽ മറ്റു മാർഗങ്ങളുണ്ടാകില്ലെന്നും സസ്പെൻഷൻ വരെ ഉണ്ടാകുമെന്നും ഫിഫ ചീഫ് മെംബർ അസോസിയേഷൻസ് ഓഫിസർ എൽഖാൻ മമ്മദോവും എ.എഫ്.സി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വാഹിദ് കർദാനിയും ഒപ്പുവെച്ച കത്ത് വ്യക്തമാക്കുന്നു.
ഇത് ആദ്യമായല്ല, ഫിഫ വിലക്ക് വരുന്നത്. ഫെഡറേഷൻ ഭരണം സുപ്രീം കോടതി നിയമിച്ച താൽക്കാലിക സമിതിയുടെ കൈകളിലായതിന്റെ പേരിൽ 2022 ആഗസ്റ്റിൽ വിലക്കേർപ്പെടുത്തിയിരുന്നു. രാജ്യം 75ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ നിൽക്കെ പ്രഖ്യാപിച്ച വിലക്ക് പക്ഷേ, രണ്ടാഴ്ചക്കുള്ളിൽ ഒഴിവാക്കി.
താൽക്കാലിക സമിതി പിരിച്ചുവിട്ട് പുതിയ സമിതി നിലവിൽ വന്നതോടെയായിരുന്നു പ്രതിസന്ധി ഒഴിവായത്. അന്ന് ബൈച്ചൂങ് ഭൂട്ടിയയെ തോൽപിച്ച് കല്യാൺ ചൗബേ തലപ്പത്തെത്തുകയായിരുന്നു.