ലണ്ടൻ: വിലപ്പെട്ട മൂന്ന് പോയന്റ് ഉറപ്പിച്ച് ഇഞ്ചുറി ടൈം വരെ വിജയിച്ചു നിന്ന മാഞ്ചസ്റ്റർ സിറ്റിയെ സമനില പൂട്ടിൽ തളച്ച് ആഴ്സനൽ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഞായറാഴ്ച രാത്രിയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കളിയുടെ അവസാന മിനിറ്റിൽ ബ്രസീൽ താരം ഗബ്രിയേൽ മാർടിനെല്ലിയുടെ ബൂട്ടിൽ നിന്നും പിറന്ന അവിശ്വസനീയമായ ഗോളിലായിരുന്നു ആഴ്സനൽ വിജയത്തിനൊത്ത സമനില പിടിച്ചത്. ആഴ്സനലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ സിറ്റി സ്കോർ ചെയ്തിരുന്നു.
കളിയുടെ ഒമ്പതാം മിനിറ്റിൽ എർലിങ് ഹാലൻഡിന്റെ അതിവേഗ നീക്കത്തിനൊടുവിൽ പിറന്ന ഗോളിൽ പതറിയ ആഴ്സലിന് ഏറെ നേരം മറുപടിയുണ്ടായില്ല. ഇരു വിങ്ങുകളും ചലിപ്പിച്ച ആക്രമണങ്ങളുമായി ആഴ്സനൽ ഉണർന്നു കളിച്ചെങ്കിലും ഗോൾമാത്രം വഴങ്ങിയില്ല. രണ്ടാം പകുതിയിൽ കോച്ച് ആർടെറ്റ സാക, എബറെചി ഇസെ എന്നിവരെ പകരക്കാരായെത്തിച്ചു. 80ാം മിനിറ്റിലായിരുന്നു അറ്റകൈ എന്ന നിലയിൽ ടിംബറിനെ പിൻവലിച്ച് മാർടിനലിയെ അവതരിപ്പിച്ചത്. പൂർവാധികം കരുത്തോടെ ഓടിക്കളിച്ച താരം, അടുത്ത 13 മിനിറ്റിനുള്ളിൽ കോച്ചിന്റെ വിശ്വാസം കാത്തു. എസെയുമൊത്തുള്ള നീക്കത്തിനൊടുവിൽ, ബോക്സിനുള്ളിലേക്ക് കയറും മുമ്പേ സിറ്റി ഗോളി ഡോണറുമ്മയെയും കബളിപ്പിച്ച് ചിപ് ചെയ്ത പന്ത് അനായാം വലയിൽ പതിച്ചു.
സമനിലയോടെ, ആഴ്സനൽ പോയന്റ് നിലയിൽ ലിവർപൂളിന് പിന്നിലായി രണ്ടാം സ്ഥാനത്ത് തന്നെ തിരിച്ചെത്തി. അതേസമയം, സീസണിലെ ആദ്യസമനിലയുമായി മാഞ്ചസ്റ്റർ സിറ്റി ഒമ്പതാം സ്ഥാനത്താണ്.