തുപ്പുന്നതിനും പ്രതിഷേധിക്കുന്നതിനും നേരിട്ടുള്ള ചുവപ്പ് കാർഡ്; ഫിഫയുടെ പുതിയ നിയമം തള്ളി യുവേഫ


ഫിഫയുടെ പുതിയ ചുവപ്പ് കാർഡ് നിർദ്ദേശം തള്ളി യുവേഫ

ഫുട്ബോൾ മത്സരങ്ങളിൽ കളിക്കാർ മോശം പെരുമാറ്റം നടത്തിയാൽ ഓട്ടോമാറ്റിക് ചുവപ്പ് കാർഡ് നൽകണമെന്ന ഫിഫയുടെ പുതിയ നിർദ്ദേശം നടപ്പിലാക്കില്ലെന്ന് യുവേഫ അറിയിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

തർക്കങ്ങൾക്കിടെ കളിക്കാർ വായ പൊത്തി സംസാരിക്കുകയോ, തീരുമാനങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് മൈതാനം വിട്ടുപോവുകയോ ചെയ്താൽ നേരിട്ട് ചുവപ്പ് കാർഡ് നൽകണമെന്നാണ് പുതിയ കർശന നിയമം.

ഫുട്ബോൾ നിയമനിർമ്മാണ സമിതിയായ ഐഎഫ്എബി (IFAB) ഈ നിയമങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമങ്ങൾ ലോകകപ്പിൽ കർശനമായി നടപ്പിലാക്കാൻ മാച്ച് ഒഫീഷ്യലുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ യുവേഫ ഈ തീരുമാനം തള്ളിയതോടെ, വരാനിരിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും ചാമ്പ്യൻസ് ലീഗ് ക്ലബ് ടൂർണമെന്റുകളിൽ ഈ അച്ചടക്ക നടപടികൾ ബാധകമാകില്ല. റയൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും ബെൻഫിക്കയുടെ പ്രെസ്റ്റിയാനിയും ഉൾപ്പെട്ട സംഭവങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനം.

വിനീഷ്യസ് ജൂനിയർ വായ പൊത്തി സംസാരിച്ച സംഭവത്തിന് ശേഷവും, ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഫൈനലിൽ സെനഗൽ ടീം മൈതാനം വിട്ടുപോയ വിവാദത്തിന് ശേഷവുമാണ് ഇത്തരം ഭേദഗതികൾക്കായി ഫിഫ ശക്തമായി വാദിച്ചത്.

ആഭ്യന്തര ലീഗുകൾക്ക് സ്വന്തം നിലയിൽ തീരുമാനമെടുക്കാൻ അവകാശമുണ്ടെങ്കിലും, യുവേഫ നിലപാടിൽ നിന്ന് വ്യതിചലിച്ചതോടെ യൂറോപ്യൻ ഫുട്ബോളിൽ ഈ പുതിയ നിയമം വ്യാപകമായി നടപ്പിലാക്കാൻ സാധ്യതയില്ല.

© Madhyamam