
ഗുജറാത്ത് ടൈറ്റൻസ് ഓപണർമാരായ സായി സുദർശനും ശുഭ്മൻ ഗില്ലും
റണ്ണിനായി ഓടുന്നു
അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 230 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റിന് 229 റൺസെടുത്തു. സായ് സുദർശന്റെയും (53 പന്തിൽ 84) നായകൻ ശുഭ്മൻ ഗില്ലിന്റെയും (37 പന്തിൽ 64) ജോസ് ബട്ട്ലറുടെയും (27 പന്തിൽ 57 നോട്ടൗട്ട്) അർധ ശതകങ്ങളാണ് ടൈറ്റൻസിനെ മികച്ച സ്കോറിലെത്തിച്ചത്.
ഓപണർമാരായ ഗില്ലും സായിയും ഒന്നാം വിക്കറ്റിൽ 125 റൺസ് ചേർത്തു. 23 പന്തിൽ ഗില്ലും 35 പന്തിൽ സായിയും അർധ ശതകങ്ങൾ നേടി. 13ാം ഓവറിൽ ഗില്ലിനെ മടക്കി സ്പെൻസർ ജോൺസൺ ഈ കൂട്ടുകെട്ട് തകർത്തു. ഏഴ് ഫോറും നാല് സിക്സുമുൾപ്പെട്ടതായിരുന്നു നായകന്റെ ഇന്നിങ്സ്. പകരമെത്തിയ ബട്ട്ലറും ആഞ്ഞടിച്ചു. സെഞ്ച്വറിയിലേക്ക് കുതിച്ച സായിയെ അൻഷുൽ കംബോജ് 19ാം ഓവറിലെ രണ്ടാം പന്തിൽ പുറത്താക്കുമ്പോൾ സ്കോർ 207. ഏഴ് ഫോറും നാല് സിക്സുമടങ്ങിയതായിരുന്നു പ്രകടനം. രാഹുൽ തേവാത്യ (0) വന്നപാട് ഗോൾഡൻ ഡക്കായി റണ്ണൗട്ട്. 23 പന്തിൽ ഫിഫ്റ്റിയടിച്ച ബട്ട്ലറുടെ അപരാജിത ഇന്നിങ്സിന് അഞ്ച് ഫോറും നാല് സിക്സും മാറ്റുകൂട്ടി. വാഷിങ്ടൺ സുന്ദർ (7) അവസാന പന്തിൽ മുകേഷ് ചൗധരിക്ക് വിക്കറ്റ് സമ്മാനിച്ചു.
