
ലാഹോർ: മൂന്നു വർഷത്തെ ഇടവേളക്കുശേഷം പാകിസ്താൻ ടെസ്റ്റ് ക്യാപ്റ്റനായി തിരിച്ചെത്തി വെറ്ററൻ താരം ബാബർ അസം. വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള പാകിസ്താൻ ടീമിനെ ബാബർ നയിക്കും. 2023ൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനുശേഷമാണ് വീണ്ടും ഈ പദവിയിലെത്തുന്നത്.
ജൂലൈ 25 മുതൽ ആഗസ്റ്റ് ആറുവരെ വെസ്റ്റിൻഡീസിൽ നടക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 13 വരെ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും ബാബർ ടീമിനെ നയിക്കും. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) മുഖ്യ സെലക്ടർ വിൻഡീസ് പര്യടനത്തിനുള്ള 16 അംഗ ടീമിനെയും ഇംഗ്ലണ്ട് പരമ്പരക്കുള്ള 17 അംഗ ടീമിനെയും പ്രഖ്യാപിച്ചു. ഷാൻ മസൂദിനെ മാറ്റിയാണ് ബാബറിനെ ക്യാപ്റ്റനാക്കിയത്. മൂന്നു വർഷം മുമ്പ് നായക പദവി ഏറ്റെടുത്ത മസൂദിനു കീഴിൽ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. കളിച്ച 16 ടെസ്റ്റുകളിൽ 12ലും ടീം തോറ്റു. അവസാനമായി ബംഗ്ലാദേശിനെതിരായ പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങി. രണ്ടു വർഷത്തിനിടെ രണ്ടാം തവണയാണ് ബംഗ്ലാദേശിനോട് പരമ്പര തോൽക്കുന്നത്. കൂടാതെ ആസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും നടന്ന പരമ്പരകളിലും സമ്പൂർണ തോൽവിയായിരുന്നു ഫലം.
സൗദ് ഷക്കീലിനെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം താരത്തിന്റെ ഫിറ്റ്നസ് കൂടി കണക്കിലെടുത്താകും. ടീമിൽ നാലു പുതുമുഖങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടംകൈയൻ സ്പിന്നർ അലി ഉസ്മാൻ, വലംകൈയൻ ബാറ്റർ മുഹമ്മദ് അവായ്സ് സഫർ, പേസർ ഉബൈദ് ഷാ, വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് ഗാസി ഘോരി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ 2023 നവംബറിലാണ് ബാബർ മൂന്നു ഫോർമാറ്റുകളിലും ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്.
2024 മാർച്ചിൽ ഏകദിന, ട്വന്റി20 ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും അധികകാലം നിന്നില്ല. 2024 ഒക്ടോബറിൽ വൈറ്റ്-ബാൾ ക്യാപ്റ്റൻസിയിൽനിന്ന് വീണ്ടും ഒഴിഞ്ഞു. ആറു മാസത്തെ രണ്ടാം ഇന്നിംഗ്സിനാണ് അന്ന് വിരാമമായത്.
വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീം: ബാബർ അസം (ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുല്ല ഫസൽ, അലി ഉസ്മാൻ, അസാൻ അവായ്സ്, ഇമാമുൽ ഹഖ്, ഖുറം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് അവായ്സ് സഫർ, മുഹമ്മദ് ഗാസി ഘോരി (വിക്കറ്റ് കീപ്പർ), സാജിദ് ഖാൻ, സൽമാൻ അലി ആഘ, ഷാൻ മസൂദ്, ഉബൈദ് ഷാ.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം: ബാബർ അസം (ക്യാപ്റ്റൻ), ആമിർ ജമാൽ, അബ്ദുല്ല ഫസൽ, അലി ഉസ്മാൻ, അസാൻ അവായ്സ്, ഇമാമുൽ ഹഖ്, ഖുറം ഷഹ്സാദ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), മുഹമ്മദ് അവായ്സ് സഫർ, മുഹമ്മദ് ഗാസി ഘോരി (വിക്കറ്റ് കീപ്പർ), സാജിദ് ഖാൻ, സൽമാൻ അലി ആഘ, സൗദ് ഷക്കീൽ, ഷാൻ മസൂദ്, ഉബൈദ് ഷാ.
