ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ആഴ്സനൽ , പി.എസ്.ജി, നാപോളി, ഡോർട്ട്മുണ്ട് എന്നിവർക്ക് ജയം. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ തോൽവി ഏറ്റുവാങ്ങിയ ദിനത്തിൽ മാഞ്ചസ്റ്റർ സിറ്റിയും യുവൻറസും ലെവർകൂസനും സമനില വഴങ്ങി.
ആഴ്സനലി െൻറ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഗ്രീക്ക് ക്ലബായ ഒളിമ്പിയാകോസിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് ആഴ്സനൽ തോൽപ്പിച്ചത് (2-0). 12ാം മിനിറ്റിൽ ഗ്രബിയേൽ മാർട്ടിനെല്ലിയിലൂടെയാണ് ആഴ്സനൽ ആദ്യ ലീഡെടുക്കുന്നത്. ഗോൾ വീണതോടെ പൊരുതി കളിച്ച ഒളിമ്പിയാകോസ് ആഴ്സനൽ ഗോൾ മുഖത്തേക്ക് നിരന്തരം പന്തുമായെത്തിയെങ്കിലും ഗോൾ നേടാനായില്ല. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ 92ാം മിനിറ്റിൽ ബുകായോ സാകയിലൂടെ ആഴ്സനൽ വിജയഗോൾ നേടുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ ഫ്രഞ്ച് ക്ലബായ മോണാകോ സമനിലയിൽ (2-2) കുരുക്കി. ഇരട്ടഗോൾ നേടി എർലിങ് ഹാലൻഡ് പതിവ് പോലെ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും മോണാക്കോ സ്വന്തം തട്ടകത്തിൽ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
14, 44 മിനിറ്റിലായിരുന്നു ഹാലൻഡി െൻറ ഗോൾ, ജോർഡൻ ടെസയിലൂടെ 18ാം മിനിറ്റിൽ സമനില ഗോൾ നേടിയ മോണാക്കോ 90ാം മിനിറ്റിൽ എറിക് ഡയറിെൻറ പെനാൽറ്റി ഗോളിലൂടെ സമനില നേടുകയായിരുന്നു.
മറ്റൊരു മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബണിനെ 2-1ന് കീഴടക്കി നാപോളി സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഡോർട്ട്മുണ്ട് 4-1ന് അത്ലറ്റിക് ക്ലബിനെ തകർത്തു. വിയ്യാ റയൽ-യുവൻറസ് (2-2), ലെവർകൂസൻ -പി.എസ്.വി (1-1) മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
ബാഴ്സയെ അവരുടെ തട്ടകത്തിൽ കയറി അടിച്ച് പി.എസ്.ജി
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരിൽ ബാഴ്സലോണയെ അവരുടെ തട്ടകത്തിൽ കയറി തകർത്ത് പി.എസ്.ജി. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാരുടെ ജയം.
19ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തുന്നത് (1-0). എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 38ാം മിനിറ്റിൽ പി.എസ്.ജി സമനില പിടിച്ചു. നൂനോ മെൻഡസിെൻറ പാസിൽ 19കാരനായ സെനി മയൂലുവാണ് പി.എസ്.ജിയെ ഒപ്പമെത്തിച്ചത്(1-1).
രണ്ടാം പകുതിയിൽ ലീഡിനായ പൊരുതി കളിച്ച ഇരുടീമും ഗോളവസരങ്ങളേറെ സൃഷ്ടിച്ചെങ്കിലും ലക്ഷ്യത്തിലെത്തുന്നത് അന്തിവസിലിന് തൊട്ടുമുൻപാണ്. 90ാം മിനിറ്റിൽ പി.എസ്.ജി പ്രതിരോധ താരം അഷ്റഫ് ഹക്കീമി നൽകിയ ഒന്നാന്തരം ക്രോസ് സ്വീകരിച്ച റാമോസ് പിഴവുകളില്ലാത വലയിലാക്കി പി.എസ്.ജിയെ വിജയത്തിലെത്തിച്ചു.