റിയാദ്: എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2ൽ വീണ്ടും അൽ നസ്ർ-എഫ്.സി ഗോവ മത്സരം. ബുധനാഴ്ച റിയാദിലെ അൽ അവ്വൽ പാർക്കിൽ ഇരു ടീമും ഏറ്റുമുട്ടും. കഴിഞ്ഞ മാസം ഗോവയുടെ ഹോം മാച്ച് ഫട്ടോർഡ സ്റ്റേഡിയത്തിൽ നടന്നപ്പോൾ 2-1ന് നസ്ർ ജയിച്ചിരുന്നു. ഗ്രൂപ് ഡിയിൽ നാല് ടീമുകളും മൂന്നു വീതം മത്സരങ്ങൾ പൂർത്തിയാക്കി. മൂന്നും ജയിച്ച് ഒമ്പത് പോയന്റോടെ അൽ നസ്ർ ഒന്നാംസ്ഥാനത്ത് തുടരുന്നു. മൂന്നിലും തോറ്റ് ഗോവ അവസാന സ്ഥാനത്താണ്.
ഇന്നത്തെ മത്സരത്തിൽ അൽ നസ്റിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങുമോയെന്ന് വ്യക്തമല്ല. ഫട്ടോർഡ സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോയില്ലാതെ കളിച്ച നസ്റിനോട് പൊരുതിത്തോൽക്കുകയായിരുന്നു ഗോവ.
തുടർന്ന് സൂപ്പർ കപ്പിൽ ജാംഷഡ്പുർ എഫ്.സിയെയും ഇന്റർ കാശിയെയും ആധികാരികമായി പരാജയപ്പെടുത്തി ഫോമിലാണ് മനോലോ മാർക്വേസ് പരിശീലിപ്പിക്കുന്ന സംഘം. എന്നാൽ, ലോകോത്തര താരങ്ങളുമായി കളിക്കുന്ന നസ്റിനെ കീഴടക്കുക ഗോവയെ സംബന്ധിച്ച് അതിസാഹസികമായിരിക്കും. വിദേശത്ത് നടക്കുന്ന മത്സരങ്ങളിൽ കളിക്കൽ കരാറിലില്ലാത്തതിനാലാണ് ക്രിസ്റ്റ്യാനോ ഇന്ത്യയിലെത്താതിരുന്നത്.
എന്നാൽ, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് 2ലെ ഹോം മാച്ചുകളിലും സൂപ്പർ താരം ഇതുവരെ ഇറങ്ങിയിട്ടില്ല. ആയതിനാൽ ഗോവക്കെതിരെ ഇന്ന് കളിക്കാൻ സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.
