പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈക്ക് കനത്ത പിഴ! നായകന് 24 ലക്ഷം



അഹ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഐ.പി.എൽ ഗവേണിങ് കൗൺസിലാണ് ചെന്നൈ ടീമിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്.

നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിന് 24 ലക്ഷം രൂപ പിഴ ചുമത്തി. സീസണിൽ രണ്ടാം തവണയാണ് ചെന്നൈ കുറഞ്ഞ ഓവർ നിരക്കിൽ ശക്ഷിക്കപ്പെടുന്നത്. ഇതിനാലാണ് ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള മുഴുവൻ ടീമംഗങ്ങൾക്കും പിഴ ചുമത്തിയത്. താരങ്ങൾ ആറു ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ, ഇതിൽ ഏതാണോ കുറവ്, അത് പിഴയായി ഒടുക്കണം. നിർണായക മത്സരത്തിൽ 89 റൺസിന് ചെന്നൈയെ കീഴടക്കിയ ഗുജറാത്ത് ടൈറ്റൻസ് ക്വാളിഫയർ ഒന്നിൽ കടന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ നാല് വിക്കറ്റിന് 229 റൺസെടുത്തു. സായ് സുദർശന്റെയും (53 പന്തിൽ 84) നായകൻ ശുഭ്മൻ ഗില്ലിന്റെയും (37 പന്തിൽ 64) ജോസ് ബട്ട്ലറുടെയും (27 പന്തിൽ 57 നോട്ടൗട്ട്) അർധ ശതകങ്ങളാണ് ടൈറ്റൻസിനെ മികച്ച സ്കോറിലെത്തിച്ചത്. 13.4 ഓവറിൽ 140 റൺസിന് ചെന്നൈ പുറത്തായി. വിക്കറ്റ് കീപ്പിങ്ങിനിടെ വിരലിന് പരിക്കേറ്റ സഞ്ജു സാംസൺ നേരിട്ട ആദ്യപന്തിൽ പുറത്തായി.

ശിവം ദുബെ 47 റൺസ് നേടി. മുഹമ്മദ് സിറാജ്, കാഗിസോ റബാഡ, റാഷിദ് ഖാൻ എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ആറ് ജയം മാത്രമുള്ള ചെന്നൈ 12 പോയന്റുമായി പുറത്തായി. ഗുജറാത്ത് ഓപണർമാരായ ഗില്ലും സായിയും ഒന്നാം വിക്കറ്റിൽ 125 റൺസ് ചേർത്തു. 23 പന്തിൽ ഗില്ലും 35 പന്തിൽ സായിയും അർധ ശതകങ്ങൾ നേടി. 13ാം ഓവറിൽ ഗില്ലിനെ മടക്കി സ്പെൻസർ ജോൺസൺ ഈ കൂട്ടുകെട്ട് തകർത്തു. ഏഴ് ഫോറും നാല് സിക്സുമുൾപ്പെട്ടതായിരുന്നു നായകന്റെ ഇന്നിങ്സ്. സെഞ്ച്വറിയിലേക്ക് കുതിച്ച സായിയെ അൻഷുൽ കംബോജ് 19ാം ഓവറിലെ രണ്ടാം പന്തിൽ പുറത്താക്കുമ്പോൾ സ്കോർ 207. 23 പന്തിൽ ഫിഫ്റ്റിയടിച്ച ബട്ട്ലറുടെ അപരാജിത ഇന്നിങ്സിന് അഞ്ച് ഫോറും നാല് സിക്സും മാറ്റുകൂട്ടി.



© Madhyamam