
മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരായ രാഹുൽ ദ്രാവിഡിന്‍റെയും വീരേന്ദർ സെവാഗിന്‍റെയും മക്കൾ അണ്ടർ -19 ടീമിൽ. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ആസ്ട്രേലിയക്കെതിരായ അണ്ടർ 19 ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലാണ് ദ്രാവിഡിന്‍റെ മകൻ അൻവയ് ദ്രാവിഡും സെവാഗിന്‍റെ മകൻ ആര്യവീറും ഇടംപിടിച്ചത്.
മൂന്ന് ഏകദിന മത്സരങ്ങൾക്കും രണ്ട് മൾട്ടി-ഡേ മത്സരങ്ങൾക്കുമായി ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി വ്യത്യസ്ത ടീമുകളെയാണ് തെരഞ്ഞെടുത്തത്. ലക്ഷ്യ റായ് ചാന്ദ്‌നി ഏകദിന ടീമിനെ നയിക്കും, യശർധൻ സിങ് ചൗഹാനാണ് മൾട്ടി-ഡേ പരമ്പരയിലെ ക്യാപ്റ്റൻ. അൻവയും ആര്യവീറും ഏകദിന ടീമിൽ മാത്രമാണ് കളിക്കുന്നത്. നിലവിൽ ഡൽഹി പ്രീമിയർ ലീഗിൽ കളിക്കുന്ന 18 കാരനായ ആര്യവീർ ആദ്യമായാണ് ഇന്ത്യൻ ടീമിലെത്തുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രാഹുൽ ദ്രാവിഡിന്റെ ഇളയ മകനായ 17കാരൻ അൻവയ്, കഴിഞ്ഞ മാസം ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യയുടെ അണ്ടർ 19 ടീമിനൊപ്പം ഉണ്ടായിരുന്നു.
വിക്കറ്റ് കീപ്പറായ അൻവയ് അന്ന് രണ്ടു മത്സരങ്ങളിലായി 14, 87 എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. മൂന്ന് ഏകദിന മത്സരങ്ങളും ആദ്യ മൾട്ടി-ഡേ മത്സരവും രാജ്‌കോട്ടിൽ നടക്കും. രണ്ടാമത്തെ മൾട്ടി-ഡേ മത്സരത്തിന് അഹ്മദാബാദ് വേദിയാകും.
ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യ അണ്ടർ 19 ടീം: ലക്ഷ്യ റായ് ചാന്ദ്നി (ക്യാപ്റ്റൻ), യശർധൻ ചൗഹാൻ (വൈസ് ക്യാപ്റ്റൻ), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), ആര്യവീർ സെവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രജ്പുത്, മനൽ ചൗഹാൻ, അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), വി. യശ്വീർ, രോഹിത് യാദവ്, ഷവിൻ വിനോദ്, മോഹിത് ഉൾവ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേൽ.
മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ഇന്ത്യ അണ്ടർ 19 ടീം: യശർധൻ ചൗഹാൻ (ക്യാപ്റ്റൻ), ലക്ഷ്യ റായ് ചാന്ദ്നി (വൈസ് ക്യാപ്റ്റൻ), സാഗർ വിർക്, കുശാഗ്ര ഓജ, മനൽ ചൗഹാൻ, കുഷ് പട്ടേൽ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), അഭിപ്രായ് ബിശ്വാസ് (വിക്കറ്റ് കീപ്പർ), രോഹിത് യാദവ്, ഇഷാൻ ഓം, അയാൻ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാൻഷു സിങ്, മോഹിത് ഉൾവ, ആര്യൻ യാദവ്.
