
ന്യൂഡൽഹി: കളിക്കളത്തിലെ അച്ചടക്ക ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനും (ഐ.സി.സി) ബി.സി.സി.ഐയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇന്ത്യൻ യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി എന്നിവർ ഗ്രൗണ്ടിൽ നടത്തിയ മോശം പെരുമാറ്റങ്ങൾക്ക് നിസ്സാര ശിക്ഷ നൽകി വിട്ടയച്ചത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.
തന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ടിലൂടെ ഐ.സി.സി-യെയും ബി.സി.സി.ഐ-യെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു മഞ്ജരേക്കറുടെ വിമർശനം.
“ആദ്യം ഇന്ത്യ എ ടീമിൽ വൈഭവ്, ഇപ്പോൾ ജയ്സ്വാൾ… ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങൾ കണ്ടില്ലെന്ന് നടിച്ച് അവരെ വെറുതെ വിടുകയാണെങ്കിൽ, ഈ തെറ്റുകൾ ആവർത്തിക്കാനാണ് നിങ്ങൾ അവരെ പഠിപ്പിക്കുന്നത്. ഇത് കായികരംഗത്തിന് നല്ലതല്ലെന്ന് മാത്രമല്ല, അവരുടെ ഭാവിക്ക് പോലും അപകടമാണ്”- മഞ്ജരേക്കർ കുറിച്ചു.
ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി ജയ്സ്വാൾ തർക്കത്തിലേർപ്പെടുകയും, താരത്തെ തലകൊണ്ട് ഇടിക്കാൻ (ഹെഡ്ബട്ട്) ശ്രമിക്കുകയും ചെയ്തിരുന്നു. ഗ്രൗണ്ടിലെ വാക്കുതർക്കം ശാരീരികമായ കയ്യേറ്റത്തിലേക്ക് കടന്നിട്ടും ജയ്സ്വാളിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും മാത്രമാണ് ഐ.സി.സി ശിക്ഷയായി നൽകിയത്.
സമാനമായ രീതിയിൽ കഴിഞ്ഞ ജൂണിൽ നടന്ന ഇന്ത്യ എ – ശ്രീലങ്ക എ മത്സരത്തിനിടെ ലങ്കൻ താരം വിഷൻ ഹലാംബഗെയെ വൈഭവ് സൂര്യവംശി തള്ളിമാറ്റിയിരുന്നു. അന്ന് 50 ശതമാനം മാച്ച് ഫീ പിഴയൊടുക്കിയാണ് വൈഭവ് രക്ഷപ്പെട്ടത്. ഇത്തരക്കാരെ അടുത്ത മത്സരത്തിൽ നിന്ന് മാറ്റിനിർത്തണമെന്നായിരുന്നു അന്ന് മഞ്ജരേക്കർ ആവശ്യപ്പെട്ടിരുന്നത്.
ഇതിനുപുറമെ, മത്സരത്തിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ലങ്കൻ ബാറ്റർ കാമിൽ മിഷാരയുമായും സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ സർഫറാസ് ഖാൻ ധനഞ്ചയ ഡിസിൽവ, നിരോഷൻ ഡിക്വെല്ല എന്നിവരുമായും തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കളിക്കളത്തിൽ താരങ്ങൾ അതിരുകടക്കുന്നത് തടയാൻ കർശനമായ വിലക്കുകൾ ഏർപ്പെടുത്തണമെന്നാണ് മുൻ താരങ്ങളുടെയും ആവശ്യം.
