ബംഗളൂരു: ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനായി ബി.സി.സി.ഐ അവതരിപ്പിച്ച ബ്രോങ്കോ ടെസ്റ്റ് രോഹിത് ശർമയെ പോലുള്ള താരങ്ങളെ മാറ്റി നിർത്താനാണെന്ന ആക്ഷേപം ശക്തമായിരുന്നു. എന്നാൽ ബ്രോങ്കോ ടെസ്റ്റിനെത്തിയ രോഹിത് ശർമ പാസായെന്നു മാത്രമല്ല, മികച്ച പ്രകടനത്തിലൂടെ പരിശീലകരെ അമ്പരപ്പിച്ചെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. ആറ് മിനിറ്റിൽ പൂർത്തിയേക്കേണ്ട ടെസ്റ്റ് അഞ്ച് മിനിറ്റ് 20 സെക്കൻഡിനകം രോഹിത് പൂർത്തിയാക്കി. ബ്രോങ്കോ ടെസ്റ്റിന് പുറമെ യോ-യോ ടെസ്റ്റിലും 38കാരനായ താരം വിജയിച്ചു. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ശനി, ഞായർ ദിവസങ്ങളിലായി നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ പങ്കെടുത്ത താരങ്ങളെല്ലാം പാസായെന്നാണ് റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകുന്നത്.
ഒക്ടോബറിൽ ആസ്ട്രേലിയക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാകും രോഹിത് ഇനി ഇന്ത്യൻ ജഴ്സിയിൽ ഇറങ്ങുക. ഇതിന് മുന്നോടിയായി ഇന്ത്യ എ മൂന്ന് ഏകദിന മത്സരങ്ങളിൽ ആസ്ട്രേലിയ എ ടീമിനെ നേരിടും. ഇതിൽ താരം കളിക്കുമോ എന്ന കാര്യം വ്യക്തമല്ല. സെപ്റ്റംബർ 30, ഒക്ടോബർ മൂന്ന്, അഞ്ച് തീയതികളിൽ കാൺപുരിലാണ് എ ടീമുകൾ ഏറ്റുമുട്ടുന്നത്. ടി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച ഹിറ്റ്മാൻ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റിലാണ് ഒടുവിൽ ഇന്ത്‍യക്കായി പാഡണിഞ്ഞത്. ഐ.പി.എൽ സീസണിനിടെയാണ് രോഹിത്തും ഒപ്പം വിരാട് കോഹ്ലിയും ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
രോഹിത്തിനെ ഫിറ്റല്ലെന്നു പറഞ്ഞ് പുറത്തിരുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ബ്രോങ്കോ ടെസ്റ്റ് അവതരിപ്പിച്ചതെന്ന ആക്ഷേപവുമായി മുൻ താരങ്ങളുൾപ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ പേസ് ബൗളർമാരുടെ ഫിറ്റ്നസ് ലെവലും എയറോബിക് ശേഷിയും ഉയർത്താനാണ് ബ്രോങ്കോ ടെസ്റ്റെന്നാണ് ടീം പരിശീലകരുടെ വാദം. സ്ട്രെങ്ത് ആൻഡ് കണ്ടിഷനിങ് കോച്ച് അഡ്രിയാൻ ലെ റോക്സിന്‍റെ നിർദേശ പ്രകാരമാണ് ജിമ്മിലെ വർക്കൗട്ടിനേക്കാൾ ഗ്രൗണ്ടിലെ വർക്കൗട്ടിലേക്ക് പേസർമാരെ മാറ്റുന്നത്. മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഈ നിർദേശം അംഗീകരിക്കുകയായിരുന്നു.
എന്താണ് ബ്രോങ്കോ ടെസ്റ്റ്
റഗ്ബി പരിശീലനത്തിനു സമാനമായി 20 മീറ്റർ, 40 മീറ്റർ, 60 മീറ്റർ എന്നിങ്ങനെ ഷട്ടിൽ റണ്ണാണ് ബ്രോങ്കോ ടെസ്റ്റിലുള്ളത്. 20 മീറ്റർ ഷട്ടിൽ റണ്ണാണ് ആദ്യത്തേത്. 40 മീറ്ററും 60 മീറ്ററും ഷട്ടിൽ റണ്ണാണ് ഇതിനു ശേഷമുള്ളത്. ഇത്തരത്തിൽ അഞ്ച് സെറ്റ് പൂർത്തിയാക്കണം. ആകെ 1200 മീറ്റർ ഓട്ടം ഇടവേളയില്ലാതെ ആറ് മിനിറ്റിനകം പൂർത്തിയാക്കണം. രണ്ട് കിലോമീറ്റർ ടൈം ട്രയൽ ഫാസ്റ്റ് ബൗളർമാർ എട്ട് മിനിറ്റ് 15 സെക്കൻഡിലും ബാറ്റർമാർ, സ്പിൻ ബൗളർമാർ, വിക്കറ്റ് കീപ്പർമാർ എന്നിവർ എട്ട് മിനിറ്റ് 30 സെക്കൻഡിലും പൂർത്തിയാക്കണം.
അതേസമയം 20 മീറ്റർ അകലത്തിലുള്ള മാർക്കറുകൾക്കിടയിലാണ് യോ-യോ ടെസ്റ്റ്. ഓരോ 40 മീറ്ററിലും 10 സെക്കൻഡ് ബ്രേക്കെടുക്കാം. ഇന്ത്യൻ ടീമിന്‍റെ മിനിമം യോ-യോ ലെവൽ 17.1ലാണ് സെറ്റ് ചെയ്തിരിക്കുന്നത്.