മാച്ച് പ്രസന്‍റേഷൻ വൈകി, ചെക്ക് വലിച്ചെറിഞ്ഞ് പാക് ക്യാപ്റ്റൻ, സ്റ്റേഡിയം വിട്ട് നഖ്‌വി; ഏഷ്യ കപ്പ് ഫൈനലിനു ശേഷം നാടകീയ സംഭവങ്ങൾ



ദുബൈ: ഞായറാഴ്ച നടന്ന ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ നടന്ന സമ്മാനദാന ചടങ്ങിലെ നാടകീയ സംഭവങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. റിങ്കു സിങ് വിജയ റൺ നേടിയതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ വിജയാഘോഷം തുടങ്ങിയിരുന്നു. അതേസമയം പാകിസ്താൻ താരങ്ങൾ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പോസ്റ്റ് മാച്ച് പ്രസന്‍റേഷൻ വൈകിയതോടെ താരങ്ങൾ റിപ്പോർട്ടർമാരോട് പ്രതികരിക്കാൻ ആരംഭിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് പാകിസ്താൻ ടീം തിരികെ സ്റ്റേഡിയത്തിലെത്തിയത്.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെയും (പി.സി.ബി) ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെയും (എ.സി.സി) മേധാവി മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സരൂണിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇന്ത്യയുടെ അഭ്യർഥന നിരസിക്കുകയും താരങ്ങൾക്ക് മെഡലുകൾ സമ്മാനിച്ച ശേഷം നഖ്‌വി ഏഷ്യ കപ്പ് ട്രോഫിയുമായി ഹോട്ടലിലേക്ക് പോകുകയും ചെയ്തു.

നഖ്‌വി പ്രസന്‍റേഷൻ സ്റ്റേജിലേക്ക് നടന്നടുക്കവെ കാണികൾ കൂക്കിവിളിക്കുകയും ഭാരത് മാതാ കീ ജയ് വിളികൾ ഉയർത്തുകയും ചെയ്തു. പാക് ടീം നഖ്‌വിയില്‍നിന്ന് മെഡൽ വാങ്ങണണമെവന്ന് സൈമൺ ഡൗൾ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റ് അമിനുൾ ഇസ്ലാമാണ് മെഡലുകൾ വിതരണം ചെയ്തത്. റണ്ണറപ്പിനുള്ള ചെക്ക് നഖ്‌വിയിൽനിന്ന് ഏറ്റുവാങ്ങിയെങ്കിലും പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘ അത് വലിച്ചെറിഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് ടീം അവാർഡുകൾ വാങ്ങില്ലെന്ന് എ.സി.സി lന്നെ അറിയിച്ചതായി സൈമൺ ഡൗൾ പറഞ്ഞിതിനു പിന്നാലെ മൊഹ്‌സിൻ നഖ്‌വി ഉൾപ്പെടെയുള്ള എല്ലാ എ.സി.സി അധികൃതരും സ്റ്റേഡിയം വിട്ടു. ചാമ്പ്യൻസ് പ്ലക്കാർഡ് ഗ്രൗണ്ട്സ്മാൻമാർ രണ്ടുതവണ കൊണ്ടുവന്ന് തിരികെയെടുത്തപ്പോഴും ഇന്ത്യൻ ടീം ക്ഷമയോടെ ട്രോഫിക്കായി കാത്തിരുന്നു. ട്രോഫി വരാതായതോടെ സാങ്കൽപ്പിക ട്രോഫിയുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇന്ത്യയുടെ വിജയം ആഘോഷിച്ചു.

ട്രോഫിയുമായി ആഘോഷം നടത്താൻ ഇന്ത്യയെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അനുവദിക്കാതിരുന്നത് അംഗീകരിക്കാനാവില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈക്യ വ്യക്തമാക്കി. ഏഷ്യ കപ്പ് ഫൈനലിലെ ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിന് ശേഷം പി.സി.ബി തലവൻ മൊഹ്സിൻ നഖ്‍വി ട്രോഫിയുമായി ഹോട്ടലിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 146 റൺസ് പിന്തുടർന്ന ഇന്ത്യ തുടക്കത്തിൽ വൻ തകർച്ച നേരിട്ടെങ്കിലും തിലക് വർമയുടെ ഗംഭീര ചെറുത്ത് നിൽപ്പിൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു. 53 പന്തിൽ പന്തിൽ 69 റൺസെടുത്ത തിലക് വർമ പുറത്താകാതെ നിന്നു.



© Madhyamam