Cricket

'പന്ത് ചുരണ്ടലിൽ വ്യാജ അന്വേഷണം നടത്തി'; ക്രിക്കറ്റ് ആസ്‌ട്രേലിയക്കെതിരെ ഡേവിഡ് വാർണർ



സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 2018 പന്ത് ചുരണ്ടൽ വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തിനെതിരെ മുൻ നായകൻ ഡേവിഡ് വാർണർ. ബൗളർമാർക്ക് സംഭവത്തിൽ അറിയില്ലായിരുന്നുവെന്ന വാദം നിലനിർത്താൻ ക്രിക്കറ്റ് ബോർഡ് വ്യാജ അന്വേഷണമായിരിക്കാം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഓസീസ് ബൗളിങ് നിരയിലെ പ്രമുഖരായ ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരെ മനപൂർവം ചോദ്യം ചെയ്യാതിരുന്നതാണോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വാർണറിന്റെ ആരോപണം.

“എന്റെ അറിവിൽ 2018ലെ അന്വേഷണത്തിൽ ക്രിക്കറ്റ് ആസ്‌ട്രേലിയ (സി.എ) ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവരെ ചോദ്യം ചെയ്തിട്ടില്ല. അത് ശരിയാണെങ്കിൽ ബൗളർമാർക്ക് ഇതൊന്നും അറിയില്ലായിരുന്നുവെന്ന് സി.എക്ക് എങ്ങനെ വാദിക്കാൻ സാധിക്കും? തുടക്കം മുതലേ ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അവർ തീരുമാനിച്ചിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതിനായി അവർ ഒരു വ്യാജ അന്വേഷണം നടത്തി. ഇപ്പോൾ ബൗളർമാർക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന വാദം നിലനിർത്താൻ ശ്രമിക്കുകയാണ്. ഇതിൽ ഒരു ഒളിച്ചുകളി മണക്കുന്നുണ്ട്,’ വാർണർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

മുൻ ആസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയുടെ ‘സബർ’ എന്ന ആത്മകഥയാണ് പന്ത് ചുരണ്ടൽ വിവാദത്തെ വീണ്ടും സജീവമാക്കിയത്. സംഭവത്തിൽ ശിക്ഷിക്കപ്പെട്ട താരങ്ങൾക്ക് പുറമെ ടീമിലെ എല്ലാവർക്കും ഇതിനെ കുറിച്ച് അറിയാമായിരുന്നുവെന്നാണ് ഖവാജ പുസ്തകത്തിൽ വെളിപ്പെടുത്തിയത്. പിന്നാലെ ഇത് നൂറ് ശതമാനവും സത്യമാണെന്ന് പറഞ്ഞ് വാർണർ രംഗത്തെത്തി.

അതേസമയം, മിച്ചൽ സ്റ്റാർക്കും ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസും ഖവാജയുടെ വാദം തള്ളിക്കളഞ്ഞിരുന്നു. സംഭവത്തിൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും, 2021ൽ ആസ്‌ട്രേലിയൻ ബൗളിങ് ഗ്രൂപ്പ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നുമായിരുന്നു സ്റ്റാർക്കിന്റെ നിലപാട്. അതേസമയം, ഖവാജയുടെ അവകാശവാദങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നായിരുന്നു കമ്മിൻസ് പറഞ്ഞത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.