
മസ്കത്ത്: അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി പാകിസ്താന്റെ കൗമാര പട. അൽ അമരാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന കലാശപ്പോരിൽ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തു. സെഞ്ച്വറി നേടിയ ഉസ്മാൻ ഖാന്റെ കരുത്തിലാണ് ടീം കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക് ടീമിന് ഉസ്മാൻ ഖാനും ഹയാം ഖാനും ചേർന്ന് മികച്ച തുടക്കമാണ് നൽകി. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിന് 62 റൺസാണ് ചേർത്തത്. പിന്നാലെ കാവ്യ പരേഷ് പട്ടേൽ 23 പന്തിൽ 21 റൺസെടുത്ത ഹയാമിനെ പുറത്താക്കി.
അതോടെ ക്രീസിലെത്തിയ അബ്ദുൽ ഖാദിറിനെ കൂട്ടുപിടിച്ച് ഉസ്മാൻ ആക്രമണയിച്ചു വിട്ടു. ഇരുവരും ചേർന്ന് 135 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 54 പന്തിൽ 80 റൺസെടുത്ത ഖാദിറിനെ വീഴ്ത്തി അർജുൻ രാജ്പുത് ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും പിന്നാലെത്തിയ ഫർഹാൻ യൂസഫും മികച്ച പ്രകടനം നടത്തി.
ഈ സഖ്യം 43 റൺസ് ചേർത്തപ്പോഴേക്കും കാവ്യ പരേഷ് അപകടകാരിയായ ഉസ്മാനെ മടക്കി പാകിസ്താന് പ്രഹരമേല്പിച്ചു. 111 പന്തിൽ മൂന്ന് സിക്സറുകളും 11 ഫോറുകളും അടക്കം 107 റൺസാണ് താരത്തിന്റെ സമ്പാദ്യം. താരം പുറത്തായതോടെ പാകിസ്താന്റെ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു.
ഏറെ വൈകാതെ നാലാമനായി ഇറങ്ങിയ ഫർഹാൻ അർധ സെഞ്ച്വറി നേടി പുറത്തായി. 60 പന്തിൽ 63 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെത്തിയവർക്കൊന്നും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല.
ഇന്ത്യക്ക് വേണ്ടി കാവ്യ പരേഷ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ചിഗുരുപതി വെങ്കട നാഗ വിജയ സുഭാഷ് മൂന്ന് വിക്കറ്റുകളെടുത്തു. അർജുൻ രാജ്പുത് ഒരു വിക്കറ്റും നേടി.
