രോഹിത് ശർമയെ കൈവിടാതെ ബി.സി.സി.ഐ, ഏകദിന ടീമിൽ തുടരും; ലോകകപ്പ് ഒരുക്കം വിലയിരുത്തി ഇന്ത്യ



മുംബൈ: അയർലൻഡിലും ഇംഗ്ലണ്ടിലും ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ കാരണങ്ങളിലേക്ക് ഉത്തരം തേടി ബി.സി.സി.ഐ അവലോകന യോഗം. ഒപ്പം, അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിലേക്കുള്ള ഒരുക്കവും മുംബൈയിൽ നടന്ന ഉന്നതതല യോഗത്തിൽ ചർച്ചയായി.

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം അവസാനിച്ചതിനു പിന്നാലെ നടന്ന യോഗത്തിൽ രോഹിത് ശർമയുടെ ടീമിലെ ഭാവിയായിരുന്നു പ്രധാന ചർച്ചയെന്നാണ് റിപ്പോർട്ട്. രോഹിതിൽ പ്രതീക്ഷ നൽകി തുടരണോ, അതോ യശസ്വി ജയ്സ്വാൾ ഉൾപ്പെടെ യുവതാരങ്ങളെ പരീക്ഷിച്ച് ലോകകപ്പിന് ഒരുങ്ങണോ എന്നായിരുന്നു ചർച്ചയുടെ ഗതി. കഴിഞ്ഞ ജൂലൈയിലെ ഇംഗ്ലീഷ് പര്യടനത്തിനിടെ രോഹിതിന്റെ റിട്ടയർമെന്റ് പ്ലാൻ സെലക്ഷൻ കമ്മിറ്റി അംഗം താരത്തെ നേരിട്ട് അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ലോഡ്സിൽ ബാറ്റുകൊണ്ടായിരുന്നു രോഹിത് ഇതിന് മറുപടി നൽകിയത്. മൂന്നാം ഏകദിനത്തിൽ 84 പന്തിൽ സെഞ്ച്വറിയുമായി പകരക്കാരനെ തേടാനിറങ്ങിയവരുടെ വായടപ്പിച്ചു. ഇതോടെ, ആശയക്കുഴപ്പത്തിലായത് സെലക്ടർമാരായിരുന്നു. ഈ പ്രകടനത്തിനുശേഷം, രോഹിത് ഇന്ത്യക്കായി കളിക്കുന്നത് തുടരുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവ്ജിത് സൈകിയയും വ്യക്തമാക്കി.

പക്ഷേ, സെലക്ഷൻ കമ്മിറ്റിയുടെ നടപടി രോഹിതിനെ പ്രകോപിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സീനിയർ താരത്തെ അപമാനിക്കും വിധമായിരുന്നു ബോർഡ് അംഗം ഇത് അവതരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ദേഷ്യത്തോടെ പ്രതികരിച്ച രോഹിത്, ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിരമിക്കുമെന്നും സെലക്ടർക്ക് മറുപടി നൽകിയത്രേ. എന്നാൽ, ലോഡ്സിലെ പ്രകടനത്തിനു ശേഷം കഥമാറി. സെലക്ടർമാരുടെ നടപടിയിൽ ബോർഡും അതൃപ്തി പ്രകടിപ്പിച്ചു. തുടർന്നായിരുന്നു സൈകിയ രോഹിതിന്റെ വിരമിക്കൽ വാർത്ത നിഷേധിച്ചത്.

വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ക്യാപ്റ്റൻമാരായ ശുഭ്മാൻഗിൽ, ശ്രേയസ് അയ്യർ, കോച്ച് ഗൗതം ഗംഭീർ, ദേവ്ജിത് സൈകിയ, വി.വി.എസ് ലക്ഷ്മൺ, ചീഫ് സെലക്ടർ അജിത് അഗാർക്കർ എന്നിവരും പങ്കെടുത്തു. യോഗത്തിലും രോഹിതിന്റെ പ്രകടനത്തെ ബി.സി.സി.ഐ സെക്രട്ടറി സൈകിയ പ്രശംസിച്ചു. 39ാം വയസ്സിലും രോഹിത് ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. യു.കെ പര്യടനത്തിലെ തകർച്ച, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പരിക്ക് എന്നിവയും യോഗം അവലോകനം ചെയ്തു.

പ്രായത്തട്ടിപ്പ്: അണ്ടർ 19 താരത്തിന് രണ്ടു വർഷം വിലക്ക്

ന്യൂഡൽഹി: പ്രായത്തട്ടിപ്പ് കേസിൽ ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് താരം രാഹിത് യാദവിന് രണ്ടു വർഷം വിലക്ക്. ആധാർ ഉൾപ്പെടെ രേഖകളിൽ പ്രായത്തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബി.സി.സി.ഐ രണ്ടു വർഷം വിലക്കേർപ്പെടുത്തിയത്.

ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഇടം നേടിയ താരം, ആസ്ട്രേലിയക്കെതിരെ കളിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. 2014ൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ രേഖകളിൽ 2007 ജൂലായ് ഏഴാണ് ജനന തീയതി. എന്നാൽ, 2017ലെ ആധാറിൽ 2006ഉം, 2021ലെ ആധാറിൽ 2009ഉം ആയാണുള്ളത്.



© Madhyamam