ലണ്ടൻ: കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം തിരിച്ചുപിടിക്കാൻ ഒരുങ്ങി പുറപ്പെട്ട പെപ് ഗ്വാർഡിയോളക്കും മാഞ്ചസ്റ്റർ സിറ്റിക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ രണ്ടാം തോൽവി. ഞായറാഴ്ച രാത്രിയിൽ ബ്രൈറ്റണിനെതിരെ കളത്തിലിറങ്ങിയ സിറ്റിയാണ് ഒന്നാം പകുതിയിൽ ലീഡ് ചെയ്ത ശേഷം, രണ്ടാം പകുതിയിൽ വഴങ്ങിയ രണ്ട് ഗോളിൽ വീണ്ടും തോറ്റത്. സീസണിൽ മൂന്ന് കളി പൂർത്തിയായപ്പോൾ മുൻ ചാമ്പ്യന്മാർ രണ്ടിലും തോറ്റും.
ആദ്യമത്സരത്തിൽ വോൾവ്സിനെതിരെ 4-0ത്തിന് ജയിച്ചു തുടങ്ങിയവർ, ടോട്ടൻഹാമിനോട് 2-0ത്തിന് കീഴടങ്ങിയിരുന്നു. ഈ തോൽവിയുടെ ക്ഷീണം മാറും മുമ്പാണ് ബ്രൈറ്റണിനെതിരെ തകർന്നടിഞ്ഞത്. എതിരാളിയുടെ തട്ടകമായ അമെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. 34ാം മിനിറ്റിൽ എർലിങ് ഹാലൻഡിന്റെ മിടുക്കിലായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. ബ്രൈറ്റൺ പ്രതിരോധത്തെ പിളർത്തി കുതിച്ചുകയറിയ ഉമർ മർമൗഷും ഹാലൻഡും ചേർന്നായിരുന്നു ആദ്യ ഗോൾ ഫിനിഷ് ചെയ്തത്.
സിറ്റിയുടെ ലീഡിൽ പിരിഞ്ഞ ഒന്നാം പകുതിക്കു ശേഷം, നാല് സബ്സ്റ്റിറ്റ്യൂഷനുമായി ബ്രൈറ്റൺ കളിയിൽ പിടിമുറുക്കി. 67ാം മിനിറ്റിൽ ജെയിംസ് മിൽനറിലൂടെയായിരുന്നു ആദ്യം തിരിച്ചടിച്ചത്. സമനിലയിലെത്തിയ മത്സരത്തിനു പിന്നാലെ, കളി അവസാനിക്കാനിരിക്കെ 89ാം മിനിറ്റിൽ ബ്രൈറ്റണിന്റെ ജർമൻ താരം ബ്രാജൻ ഗ്രൂഡയുടെ മിന്നുന്ന ഗോളി ജയം പിറന്നു. ബോക്സിനുള്ളിൽ സിറ്റി ഗോളി ട്രഫോഡിനെയും, റുബൻ ഡയസ് ഉൾപ്പെടെ പ്രതിരോധക്കാരെയും വീഴ്ത്തിയായിരുന്നു ഗ്രുഡ വിജയ ഗോൾ കുറിച്ചത്.
മൂന്ന് കളിയിൽ രണ്ട് തോൽവി വഴങ്ങിയതോടെ സിറ്റിയുടെ സ്ഥാനം 12ലേക്ക് പതിച്ചു.