230 സ്ഥാനങ്ങൾ മറികടന്ന് വൈഭവ് സൂര്യവംശി; ഐ.സി.സി ടി20 റാങ്കിംഗിൽ വൻ കുതിപ്പ്



ദുബായ്: അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ മിന്നുന്ന തുടക്കത്തിന് പിന്നാലെ ഐ.സി.സി ബാറ്റിംഗ് റാങ്കിംഗിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ യുവ താരം വൈഭവ് സൂര്യവംശി. സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഒറ്റയടിക്ക് 230 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ പതിനഞ്ചുകാരനായ വൈഭവ് 48-ാം റാങ്കിലെത്തി. 536 റേറ്റിങ് പോയിന്റോടെയാണ് താരം കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിങ് സ്വന്തമാക്കിയത്.

ഇന്ത്യ 3-0ത്തിന് തൂത്തുവാരിയ സിംബാബ്‌വെ പരമ്പരയിലെ ടോപ് സ്കോററും പ്ലെയർ ഓഫ് ദി സീരീസും വൈഭവായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് 50.33 ശരാശരിയിൽ 151 റൺസാണ് താരം അടിച്ചുകൂട്ടിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 19 പന്തിൽ അർധസെഞ്ചുറി നേടിയ താരം, അവസാന മത്സരത്തിൽ 49 പന്തിൽ 81 റൺസും നേടി. ഇതോടെ അന്താരാഷ്ട്ര പുരുഷ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ 16 വയസ്സ് തികയുന്നതിന് മുൻപ് ഒന്നിലധികം അർധസെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിൽ കുറിച്ചു.

അതേസമയം, 910 റേറ്റിംഗ് പോയിന്റോടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ അഭിഷേക് ശർമയ്ക്ക് ഒരു സ്ഥാനം നഷ്ടമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു (819 പോയിന്റ്). പാകിസ്താന്റെ സാഹിബ്‌സാദ ഫർഹാനാണ് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട്, ശ്രീലങ്കയുടെ പതും നിസ്സങ്ക എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ തിലക് വർമ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി (750 പോയിന്റ്). സൂര്യകുമാർ യാദവ് (19), ശ്രേയസ് അയ്യർ (24), ശിവം ദുബെ (30) എന്നിവരാണ് ആദ്യ 30-ലുള്ള മറ്റ് ഇന്ത്യൻ ബാറ്റർമാർ. മലയാളി താരം സഞ്ജു സാംസണ് മൂന്ന് സ്ഥാനങ്ങൾ നഷ്ടമായി 33-ാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടു.

ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയ് 31 സ്ഥാനങ്ങൾ മുന്നേറി 41-ാമതെത്തി. പരിക്കുമൂലം പരമ്പര നഷ്ടമായ വരുൺ ചക്രവർത്തി എട്ടാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര 17-ാം സ്ഥാനത്തുമുണ്ട്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് ഒന്നാമത്. ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ രണ്ട് സ്ഥാനം താഴ്ന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, ശിവം ദുബെ (12), അഭിഷേക് ശർമ (19) എന്നിവർ സ്ഥാനങ്ങൾ മെച്ചപ്പെടുത്തി.



© Madhyamam