
ന്യൂഡൽഹി: അഫ്ഗാനിസ്താനെതിരായ ഒന്നാം ട്വന്റി-20 മത്സരത്തിൽ 157 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ സഞ്ജു സാംസണിന്റെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ഇന്നിങ്‌സിലെ മൂന്നാം ഓവറിൽ അസ്മത്തുള്ള ഒമർസായിയുടെ പന്തിൽ ഡാർവിഷ് റസൂലിക്ക് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. 10 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. മറുവശത്ത് ഫസൽഹഖ് ഫാറൂഖിയെയും ഒമർസായിയെയും സിക്സറുകൾ പറത്തി അഭിഷേക് ശർമ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. സഞ്ജു പുറത്തായതിന് പിന്നാലെ ഇഷാൻ കിഷനാണ് ക്രീസിലെത്തിയത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ നിശ്ചിത ഓവറിൽ 156 റൺസെടുത്തു. തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് അസ്മത്തുള്ള ഒമർസായിയുടെയും മുഹമ്മദ് നബിയുടെയും ഇന്നിങ്‌സുകളാണ് അഫ്ഗാന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. 44 പന്തുകളിൽ നിന്ന് നാല് സിക്‌സും നാല് ഫോറുമടക്കം 64 റൺസോടെ പുറത്താകാതെ നിന്ന അസ്മത്തുള്ള ഒമർസായിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. ഇന്നിങ്‌സിന്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ റഹ്‌മാനുള്ള ഗുർബാസിനെ (0) പുറത്താക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ (11) റണ്ണൗട്ടായി. സെദിക്കുള്ള അടൽ (13), ഗുൽബാദിൻ നയ്ബ് (2), ഡാർവിഷ് റസൂലി (2) എന്നിവരും പെട്ടെന്ന് പുറത്തായതോടെ അഫ്ഗാൻ അഞ്ചിന് 43 റൺസെന്ന നിലയിലേക്ക് വീണു.
എന്നാൽ പിന്നീടായിരുന്നു ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന അസ്മത്തുള്ള ഒമർസായ് – മുഹമ്മദ് നബി കൂട്ടുകെട്ടിന്റെ പിറവി. 56 പന്തിൽ നിന്ന് ഇരുവരും 83 റൺസ് ചേർത്തു. 27 പന്തുകൾ നേരിട്ട നബി രണ്ടു വീതം സിക്‌സും ഫോറുമടക്കം 33 റൺസെടുത്തു. ഒടുവിൽ 17-ാം ഓവറിൽ ഒരു സ്ലോ ബോളിൽ മുഹമ്മദ് നബിയെ പുറത്താക്കി അർഷ്ദീപാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ശിവം ദുബെ എറിഞ്ഞ അവസാന ഓവറിൽ 21 റൺസ് അടിച്ചെടുത്ത ഒമർസായിയും മുജീബുർ റഹ്‌മാനും ചേർന്ന് അഫ്ഗാൻ സ്‌കോർ 150 കടത്തുകയായിരുന്നു.
നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അർഷ്ദീപ് സിങ്ങാണ് ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്. ബുംറയും അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
