ലമീൻ യമാലിനെതിരായ ഇസ്രായേൽ വിമർശനം: ഫ്രഞ്ച് സോഷ്യലിസ്റ്റ് നേതാവ് ഒലിവിയർ ഫോർ പിന്തുണയുമായി രംഗത്ത്


ലമിൻ യമാലിനെതിരായ വിമർശനം; ഇസ്രയേൽ മന്ത്രിക്ക് മറുപടിയുമായി ഒലിവിയർ ഫോർ

ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടി ഫസ്റ്റ് സെക്രട്ടറി ഒലിവിയർ ഫോർ, ഫുട്ബോൾ താരം ലമിൻ യമാലിന് പിന്തുണയുമായി രംഗത്തെത്തി. ഇസ്രയേൽ സർക്കാർ പ്രതിനിധികൾ യമാലിനെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബാഴ്‌സലോണയുടെ കിരീടധാരണ പരേഡിനിടെ ബാഴ്‌സലോണയുടെയും സ്പെയിനിന്റെയും വിങ്ങറായ ലമിൻ യമാൽ പലസ്തീൻ പതാക ഉയർത്തിയതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് താരത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. “ഞങ്ങളുടെ സൈന്യം ഭീകരവാദികളോട് പോരാടുമ്പോൾ ലമിൻ വിദ്വേഷം വളർത്തുകയാണ് ചെയ്യുന്നത്. ഈ സംഭവത്തിൽ നിന്ന് ബാഴ്‌സലോണ അകലം പാലിക്കുമെന്ന് ഞാൻ കരുതുന്നു” എന്നാണ് കാറ്റ്സ് പറഞ്ഞത്.

മന്ത്രിയുടെ പ്രസ്താവനയെ ഒലിവിയർ ഫോർ ശക്തമായി തള്ളി. സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം തന്റെ പ്രതികരണം പങ്കുവെച്ചു:

“ലമിൻ യമാൽ പലസ്തീൻ പതാക ഉയർത്തിയത് എങ്ങനെയാണ് ഇസ്രയേലിനെതിരെ വിദ്വേഷം വളർത്തുന്നത്?”

“നിങ്ങളുടെ വംശീയവും തീവ്രവലതുപക്ഷവുമായ സർക്കാർ അടിയന്തരമായി വംശഹത്യ നയങ്ങൾ അവസാനിപ്പിക്കണം. ഇസ്രയേലിനൊപ്പം സഹവർത്തിത്വത്തോടെ നിലനിൽക്കേണ്ട ഒരു രാജ്യത്തിന്റേതാണ് ഈ പതാകയെന്ന് നിങ്ങൾ തിരിച്ചറിയണം. നിങ്ങളുടെ കുറ്റകൃത്യങ്ങളിലൂടെ നിങ്ങൾ ഓരോ ദിവസവും പുതിയ ഹമാസ് പോരാളികളെ സൃഷ്ടിക്കുകയാണ്.”

“ഉടനടി സമാധാനം വേണം!” എന്നും ഫോർ കുറിച്ചു.

© Madhyamam