വിസ വിലക്കുമായി അമേരിക്ക; ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്‍കരിക്കുമെന്ന് ഇറാൻ; പ്രതിരോധത്തിലായത് ഫിഫ

വാഷിങ്ടൺ: ലോകകപ്പിന് യോഗ്യത നേടിയ ഇറാന്റെയും ഹെയ്തിയുടെയും സംഘങ്ങൾക്ക്‍ വിസ അനുവദിക്കില്ലെന്ന അമേരിക്കൻ നിലപാടിൽ പ്രതിസന്ധിയിലായി അന്താരാഷ്ട്ര ഫുട്ബാൾ ​ഭരണസമിതിയായ ഫിഫ. തങ്ങളുടെ മുഴുവൻ സംഘത്തിനും വിസ അനുവദിച്ചില്ലെങ്കിൽ ഡിസംബർ അഞ്ചിന് നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങ് ബഹിഷ്‍കരിക്കുമെന്ന ഭീഷണിയുമായി ഇറാൻ രംഗത്തെത്തിയതോടെ ഫിഫ തീർത്തും പ്രതിരോധത്തിലായി.

കഴിഞ്ഞ ജൂണിൽ പ്രാബല്ല്യത്തിൽ വന്ന അമേരിക്കയുടെ പുതിയ വിസ നിയമമാണ് ലോകകപ്പിന് യോഗ്യത നേടിയ വിവിധ രാജ്യങ്ങൾക്ക് വിശ്വമേളയിലേക്കുള്ള യാത്രക്ക് തിരിച്ചടിയായത്. 12 രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ നിയമ പ്രകാരം വിസ അനുവദിക്കുന്നില്ല. ലോകകപ്പിന് യോഗ്യത നേടിയ ഇറാനും ഹെയ്തിയും ഉൾപ്പെടെയാണിത്.

ഇതോടെ ഫിഫ നറുക്കെടുപ്പ് ചടങ്ങിനുള്ള ഇറാൻ, ഹെയ്തി പ്രതിനിധി സംഘത്തിന് പ്രത്യേക ഇളവ് അനുവദിച്ചാൽ മാത്രമേ വിസ ലഭിക്കൂ. എന്നാൽ, ഇറാൻ ആവശ്യപ്പെട്ട എല്ലാവർക്കും വിസ അനുവദിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. ദേശീയ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് മെഹ്ദി താജ് ഉൾപ്പെടെ അപേക്ഷകൾ കഴിഞ്ഞ ദിവസം തള്ളി. ഇതോടെയാണ് ലോകകപ്പ് നറുക്കെടുപ്പ് ബഹിഷ്‍കരിക്കാനുള്ള തീരുമാനത്തിലേക്ക് ഇറാൻ നീങ്ങുന്നത്. ടീം അംഗങ്ങൾ, കോച്ച്, ഫെഡറേഷൻ ഭാരവാഹികൾ ഉൾപ്പെടെ അപേക്ഷിച്ചവർക്ക് വിസ അനുവദിച്ചില്ലെങ്കിൽ നറുക്കെടുപ്പിന് ഇറാന്റെ സംഘത്തെ അയക്കില്ലെന്നാണ് ഫെഡറേഷൻ നിലപാടെന്ന് ഇറാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ ആവശ്യം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയെ അറിയിച്ചതായും, ഫുട്ബാൾ മേള ഉൾപ്പെടെ കായിക വേദികളെ രാഷ്ട്രീയ വൽകരിക്കുന്ന അമേരിക്കൻ നടപടി പ്രതിഷേധാർഹമാണെന്നും താജ് വ്യക്തമാക്കി.

ഇറാൻ കോച്ച് അമിർ ഗലനോയി ഉൾപ്പെടെ നാലു പേർക്ക് മാത്രമാണ് നിലവിൽ അമേരിക്ക വിസ അനുവദിച്ചത്.

ഇറാനും അമേരിക്കയും തമ്മിലെ നയതന്ത്ര പോരാട്ടത്തിന് പുതിയ മാനം നൽകുന്നതാണ് ലോകകപ്പുമായി ബന്ധപ്പെട്ട വി​സ നിഷേധം. അമേരിക്ക, മെക്സികോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിൽ തങ്ങളുടെ ടീം കളത്തിലിറങ്ങുമ്പോൾ ​ഇറാനിൽ നിന്നുള്ള ആരാധകർക്ക് സ്റ്റേഡിയത്തിലെത്താനും യാത്രാ വിലക്ക് തിരിച്ചടിയാവുമെന്നും ഭയക്കുന്നു.



© Madhyamam