
ലോകപ്രശസ്ത ഗായകൻ എഡ് ഷീരൻ പ്രീമിയർ ലീഗ് പ്രൊമോഷൻ ടീമായ ഇപ്സിച്ച് ടൗണിന്റെ ഓഹരിയുടമയായിരിക്കുന്നു. ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ വിവരം പുറത്തുവിട്ടത്. ക്ലബ്ബിന്റെ 1.4% ഓഹരിയാണ് 33 കാരനായ ഗായകൻ വാങ്ങിയത്. പോർട്ട്മാൻ റോഡ് സ്റ്റേഡിയത്തിൽ മാനേജർ ബോക്സ് ഉപയോഗിക്കാനുള്ള ദീർഘകാല അവകാശം ഷീരന് ഉണ്ടാകും, എന്നാൽ ക്ലബ്ബിന്റെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ അദ്ദേഹം ഉൾപ്പെടില്ല.
മൂന്ന് വർഷമായി ക്ലബ്ബിന് സ്പോൺസർ ചെയ്ത് വരുന്ന ഷീരൻ ഈ സീസണിലെ ക്ലബ്ബിന്റെ മൂന്നാമത്തെ ജേഴ്സി നിർമ്മാണത്തിലും പങ്കെടുത്തിരുന്നു.
Read Also: ജയത്തോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്! ഗോൾ നേടി സിർക്സി
“എന്റെ നാട്ടിലെ ഫുട്ബോൾ ക്ലബ്ബിന്റെ ചെറിയൊരു ഓഹരി വാങ്ങിയതിൽ വളരെ സന്തോഷമുണ്ട്. താൻ പിന്തുണയ്ക്കുന്ന ക്ലബ്ബിന്റെ ഉടമയാകുക എന്നത് ഏത് ഫുട്ബോൾ ആരാധകന്റെയും സ്വപ്നമാണ്, ഈ അവസരത്തിന് വളരെ നന്ദിയുള്ളവനാണ്,” ഗായകൻ പറഞ്ഞു.
ഇപ്സിച്ച് പ്രീമിയർ ലീഗിൽ തിരിച്ചെത്തിയതിന്റെ ആഘോഷത്തിൽ ഒരു പ്രത്യേക വീഡിയോ ഷീരൻ പുറത്തിറക്കിയത് ശ്രദ്ധേയമാണ്.