മഡ്രിഡ്: ആക്രമിച്ചു മുന്നേറാൻ ലമിൻ യമാനും റഫീന്യയുമില്ലാത്ത ബാഴ്സലോണ, കുത്തഴിഞ്ഞ പ്രതിരോധമായി നിലംപതിച്ചു. സ്പാനിഷ് ലാ ലിഗ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചു കയറാനുള്ള അവസരം നഷ്ടപ്പെടുത്തിയ ബാഴ്സലോണക്ക് സെവിയ്യക്കെതിരെ 4-1ന്റെ വൻ തോൽവി.
മാർകസ് റാഷ്ഫോഡ് ആശ്വാസ ഗോൾ നേടിയപ്പോൾ, കളം മുഴുവൻ അടക്കിവാണ സെവിയ്യ ശ്രദ്ധേയ വിജയം സ്വന്തമാക്കി. സീസണിൽ സെവിയ്യയിലേക്ക് കൂടുമാറിയെത്തയ അലക്സിസ് സാഞ്ചസിന്റെ പെനാൽറ്റിയിലൂടെ 13ാം മിനിറ്റിലാണ് ആദ്യ ഗോളെത്തുന്നത്. പിന്നാലെ ഇസാസ് റൊമീറോയും (36), ജോസ് എയ്ഞ്ചൽ കർമോണയും (90), ലോങ് വിസിലിന് തൊട്ടുമുമ്പ് അകോർ ആഡംസും ഗോൾ നേടിയതോടെ ബാഴ്സലോണയുടെ തോൽവി ഉറപ്പായി. ബാഴ്സക്ക് കളിയിൽ തിരികെയെത്താൻ ലഭിച്ച പെനാൽറ്റി ഗോൾ അവസരം സ്റ്റാർ സ്ട്രൈക്കർ റോബർട് ലെവൻഡോവ്സ്കി പുറത്തേക്ക് അടിച്ച് പാഴാക്കി. സീസണിൽ ബാഴ്സയുടെ ആദ്യ തോൽവി കൂടിയാണിത്.
അതേസമയം, സാന്റിയാഗോ ബെർണാബ്യൂവിൽ വിയ്യറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്ത് ലീഡ് തുടർന്നു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 47ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ റയലിനെ മുന്നിലെത്തിച്ചു. 69ാം മിനിറ്റിലെ പെനാൽറ്റി വലയിലാക്കി വിനീഷ്യസ് ലീഡ് കൂട്ടി. നാല് മിനിറ്റ് കഴിഞ്ഞപ്പോൾ ജോർജ് മിക്കൗതാഡ്സെയിലൂടെ ഒരു ഗോൾ മടക്കി വിയ്യറയൽ. 77ാം മിനിറ്റിൽ ഇവരുടെ ഡിഫൻഡർ സാന്റിയാഗോ മൗറിനോക്ക് ചുവപ്പ് കാർഡ്. 81ാം മിനിറ്റിൽ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഗോളുമെത്തിയതോടെ റയൽ ജയമുറപ്പാക്കി. പിന്നാലെ എംബാപ്പെ പരിക്കേറ്റു മടങ്ങുകയും ചെയ്തു. മറ്റൊരു മത്സരത്തിൽ അത്ലറ്റികോ ബിൽബാവോ 2-1ന് മയ്യോർക്കയെ തോൽപിച്ചു.