ബാഴ്സലോണ: ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ മനസ്സാക്ഷി ഉണരാൻ ആഹ്വാനവുമായി ലോകഫുട്ബാളിലെ വിഖ്യാത പരിശീലകനും മുൻ താരവുമായി പെപ് ഗ്വാർഡിയോള.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധങ്ങളുയരുമ്പോഴും ഭരണകൂടങ്ങൾ പ്രകടിപ്പിക്കുന്ന നിസ്സംഗതക്കെതിരെ പ്രതിഷേധമായി സ്പെയിനിലെ ബാഴ്സലോണ തെരുവിലിറങ്ങാനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനും സ്പെയിനിൽ ഏറെ ആദരിക്കപ്പെടുന്ന ഫുട്ബാളറുമായ പെപ് ഗ്വാർഡിയോളയുടെ ആഹ്വാനം.
കടുത്ത വാക്കുകളിൽ ഇസ്രായേൽ വംശഹത്യയെ അപലപിച്ചുകൊണ്ടായിരുന്നു പെപ് വംശഹത്യക്കെതിരെ അണിനിരക്കാൻ ആഹ്വാനം ചെയ്തത്. ഒക്ടോബർ നാല് ശനിയാഴ്ച ബാഴ്സലോണയിലെ ജാർഡിനെറ്റ്സ് ഡി ഗ്രാസിയയിൽ നടക്കുന്ന വംശഹത്യ വിരുദ്ധ റാലിയിൽ അണിനിരക്കണമെന്ന് പെപ് ഗ്വാർഡിയോള പറഞ്ഞു.
‘ആയിരക്കണക്കിന് കുട്ടികൾ ഇതിനകം മരിച്ചു കഴിഞ്ഞു, ഇനിയും നിരവധി പേർ മരിച്ചേക്കാം. ഗസ്സ തകർന്നു കഴിഞ്ഞു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ജനക്കൂട്ടം ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുകയാണിവിടെ’ -പെപ് പറയുന്നു.
സംഘടിതമായ പൊതു സമൂഹത്തിന് സർക്കാറിനു മേൽ സമ്മർദംചെലുത്തികൊണ്ട് വംശഹത്യക്കെതിരെ നടപടിയെടുക്കാനും ജീവൻ രക്ഷിക്കാനു കഴിയുമെന്ന് വ്യക്തമാക്കിയാണ് പെപ് സ്പെയിനിലെ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധ പ്രളയം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്യുന്നത്.
സയണിസ്റ്റ് വിരുദ്ധവും ഫലസ്തീൻ അനുകൂലവുമായി നിലപാടുകളിലൂടെ നേരത്തെയും പെപ് ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ ജൂണിൽ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിനിടെ ഇസ്രായേൽ നരഹത്യയെ രൂക്ഷമായ വാക്കുകളിലാണ് കോച്ച് വിമർശിച്ചത്.
ഗസ്സയിലെ കാഴ്ചകൾ അങ്ങേയറ്റം വേദന നിറഞ്ഞതാണെന്നും ലോകം മൗനം തുടരരുതെന്നുമായിരുന്നു അന്ന് ഗ്വാർഡിയോളയുടെ വാക്കുകൾ.
‘ഗസ്സയിൽ നമ്മൾ കാണുന്ന കാഴ്ചകൾ അങ്ങേയറ്റം വേദന നിറഞ്ഞതാണ്. അത് എന്നെയാകെ വേദനിപ്പിക്കുന്നുണ്ട്. ഞാൻ ഒരു കാര്യം വ്യക്തമാക്കട്ടെ -ഇത് ആശയധാരകളുടെ വിഷയമല്ല. ഞാൻ ശരിയാണെന്നോ നീ തെറ്റാണെന്നോ ഉള്ള വാദങ്ങളുടെ കാര്യമല്ല. ഇത് ജീവിതത്തോടുള്ള സ്നേഹത്തെ കുറിച്ച് മാത്രമാണ്. നിങ്ങളുടെ അയൽക്കാരോടുള്ള കരുതലിനെ കുറിച്ചാണ്. നാലുവയസ്സ് മാത്രം പ്രായമുള്ള കുട്ടികൾ ബോംബിനാൽ കൊല്ലപ്പെടുന്നത് നമ്മൾ കാണുകയാണ്. ആശുപത്രി എന്ന് വിളിക്കാൻ പോലും പറ്റാത്ത ആശുപത്രികളിൽ കൊല്ലപ്പെടുകയാണ്.
എന്നാൽ, അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ലെന്ന് നമ്മൾ കരുതുന്നു. ആവട്ടെ, നമുക്ക് അങ്ങനെ കരുതാം. അത് നമ്മുടെ കാര്യമല്ലെന്ന് കരുതാം. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. അടുത്തത് നമ്മളായിരിക്കാം. അടുത്തതായി കൊല്ലപ്പെടുന്ന നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞുങ്ങൾ നമ്മുടേതായിരിക്കാം. ഗസ്സയിലെ ഈ ദുസ്വപ്നം ആരംഭിച്ചതു മുതൽ എല്ലാദിവസവും രാവിലെ ഞാൻ എന്‍റെ കുഞ്ഞുങ്ങളായ മരിയയെയും മാരിയസിനെയും വലന്‍റീനയെയും കാണുകയാണ്. ഞാൻ അങ്ങേയറ്റം ഭയപ്പെടുകയാണ്’ -അതി വൈകാരികമായി വാക്കുകളോടെ പെപ് നടത്തിയ പ്രഭാഷണം ലോകമാകെ ശ്രദ്ധിച്ചിരുന്നു.
ഇസ്രായേൽ തുടരുന്ന വംശഹത്യക്കെതിരെ ലോക വേദിയിൽ പ്രതിഷേധിച്ചും, ശ്രദ്ധേയമായ നീക്കങ്ങൾ നടത്തിയും മുന്നിലുള്ള രാജ്യമാണ് സ്പെയിൻ.