മഡ്ഗാവ്: സൂപ്പർ കപ്പ് ഫുട്ബാളിൽ ഗോകുലം കേരള എഫ്.സിക്ക് ബുധനാഴ്ച വിടവാങ്ങൽ മത്സരം. ടൂർണമെന്റിലെ ആദ്യ രണ്ട് കളികളും ദയനീയമായി തോറ്റ് പുറത്തായ മലബാറിയൻസ് ഗ്രൂപ് സിയിൽ ആശ്വാസ ജയം തേടിയാണ് മുഹമ്മദൻസിനെതിരെ ഇറങ്ങുന്നത്. മുഹമ്മദൻസിനും മാനംകാക്കാൻ ജയം അനിവാര്യം.
പഞ്ചാബ് എഫ്.സിയോട് എതിരില്ലാത്ത മൂന്ന് ഗോളിനും ബംഗളൂരു എഫ്.സിയോട് മറുപടിയില്ലാത്ത നാല് ഗോളിനുമാണ് ഗോകുലം മുട്ടുമടക്കിയത്. അവസാന സ്ഥാനത്താണിവർ. ഈ രണ്ട് ടീമുകളോടും മുഹമ്മദൻസും തോൽവി ഏറ്റുവാങ്ങി. ഗ്രൂപ്പിലെ സെമി ഫൈനൽ ബെർത്ത് തീരുമാനിക്കുന്ന ബംഗളൂരു-പഞ്ചാബ് നിർണായക മത്സരവും ഇന്ന് നടക്കും.
ആറ് വീതം പോയന്റുമായി ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. അതേസമയം, ഗ്രൂപ് ഡിയിൽ കഴിഞ്ഞ ദിവസം രാജസ്ഥാൻ യുനൈറ്റഡ് ഒറ്റ ഗോളിന് മുംബൈ എഫ്.സിയെ അട്ടിമറിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് പ്രതീക്ഷ വർധിച്ചു. രാജസ്ഥാനെയും സ്പോർട്ടിങ് ഡൽഹിയെയും തോൽപിച്ച് ആറ് പോയന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാംസ്ഥാനത്താണ്. മൂന്ന് വീതം പോയന്റുമായി രാജസ്ഥാനും മുംബൈയും രണ്ട് മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. വ്യാഴാഴ്ച മുംബൈക്കെതിരെ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താം. തോൽവിയാണ് ഫലമെങ്കിൽ കാര്യങ്ങൾ സങ്കീർണമാവും.
എ, ബി ഗ്രൂപ്പുകളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ യഥാക്രമം ഈസ്റ്റ് ബംഗാളും എഫ്.സി ഗോവയും കടന്നു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, ഡെംപോ എസ്.സി, ചെന്നൈയിൻ എഫ്.സി, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ഇന്റർ കാശി ടീമുകൾ ഇരു ഗ്രൂപ്പുകളിൽനിന്നായി മടങ്ങി.
