ലണ്ടൻ: കോട്ടകെട്ടിയ എതിർ പ്രതിരോധനിരയെ മിന്നൽ പിണർ വേഗതയിലെ കുതിപ്പിൽ കീഴടക്കി വീണ്ടും ഹാലൻഡ് മാജിക്ക്. ഇംഗ്ലണ്ടിലെ കളിച്ചൂട് ഹൈ ടെംപോയിലെത്തും മുമ്പേ ഗോൾ വേട്ടയിൽ അതിവേഗത്തിലാണ് ഹാലൻഡിന്റെ കുതിപ്പ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തങ്ങളുടെ ഏഴാം മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ബ്രെന്റ്ഫോഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയപ്പോൾ വിജയ ഗോൾ ഹാലൻഡിന്റെ ബൂട്ടിൽ നിന്നും പിറന്നു. കളിയുടെ ഒമ്പതാം മിനിറ്റിൽ മധ്യനിരയിൽ നിന്നും ജോസ്കോ ഗ്വാർഡിയോളിൽ നിന്നും ലഭിച്ച പാസിൽ കുതിച്ചുകയറിയ ഹാലൻഡ് മിന്നൽ നീക്കവുമായി എതിർ വലകുലുക്കുകയായിരുന്നു. കളി ചൂട് പിടിക്കും മുമ്പേ പിറന്ന ഗോളിനു പിന്നാലെ, ഒരുപിടി അവസരങ്ങളുമായി സിറ്റി വീണ്ടും ഗോൾ ഭീഷണി ഉയർത്തിയെങ്കിലും ബ്രെന്റ്ഫോഡ് ഗോൾകീപ്പർ കോമിൻ കെല്ലർ രക്ഷാപ്രവർത്തനവുമായി രക്ഷകനായി മാറി.
ഡച്ച് താരം ടിജാനി റെജിൻഡേഴ്സും നികോ ഒറിലിയും ചേർന്ന് മികച്ച നീക്കങ്ങളിലൂടെ ഹാലൻഡിലേക്ക് പന്ത് എത്തിച്ചാണ് സിറ്റി ആക്രമണത്തിന് തന്ത്രം മെനഞ്ഞത്. രണ്ടാം പകുതിയിൽ, കൂടുതൽ ഏകോപനത്തോടെ പ്രത്യാക്രമണം നടത്തിയ ബ്രെന്റ്ഫോർഡ് മുന്നേറ്റത്തെ സിറ്റി ഗോളി ജിയാൻലൂയിജി ഡോണറുമ്മ പാടുപെട്ടാണ് തടഞ്ഞു നിർത്തിയത്.
ഇതിനകം ഒമ്പത് ലീഗ് ഗോളുകൾ കുറിച്ച് ഹാലൻഡ് ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. തുടർച്ചയായി രണ്ടാം ജയം നേടിയ മാഞ്ചസ്റ്റർ സിറ്റി ഏഴ് കളിയിൽ 13 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. വിജയക്കുതിപ്പ് തുടരുന്ന ആഴ്സനൽ (16) ആണ് പോയന്റ് പട്ടികയിൽ ഒന്നാമത്. തുടർച്ചയായി രണ്ട് തോൽവി വഴങ്ങിയ ലിവർപൂൾ (15) രണ്ടാമതുണ്ട്.
ലീഗിലെ മറ്റു മത്സരങ്ങളിൽ ആസ്റ്റൻ വില്ല 2-1ന് ബേൺലിയെയും, എവർട്ടൻ 2-1ന് ക്രിസ്റ്റൽപാലസിനെയും, ന്യൂകാസിൽ 2-0ത്തിന് ഫോറസ്റ്റിനെയും തോൽപിച്ചു.