മ്യൂണിക് (ജർമനി): ആരാവും യൂറോപ്പിലെ ചാമ്പ്യന്മാരുടെ ചാമ്പ്യൻ? വൻകരയുടെ പുതിയ ക്ലബ് ചക്രവർത്തിയെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഫൈനൽ മത്സരത്തിന് ശനിയാഴ്ച മ്യൂണിക്കിലെ അലയൻസ് അറീന വേദിയാവും. നാലാം കിരീടം ലക്ഷ്യമിടുന്ന ഇറ്റാലിയൻ ക്ലബ് ഇന്റർമിലാന് ഇതുവരെ ജേതാക്കളാവാത്ത പാരിസ് സെന്റ് ജെർമെയ്നാണ് എതിരാളികൾ. ഇന്ത്യൻ സമയം അർധരാത്രി 12.30ന് മത്സരം തുടങ്ങും.
പരിഷ്കരിച്ച രൂപത്തിലെത്തിയ ചാമ്പ്യൻസ് ലീഗിൽ ഇക്കുറി ലീഗ് ഘട്ടത്തിൽ 19 പോയന്റോടെ നാലാം സ്ഥാനക്കാരായിരുന്നു ഇന്റർ. എന്നാൽ, 13 പോയന്റുമായി പി.എസ്.ജിയുണ്ടായിരുന്നത് 15ാം സ്ഥാനത്താണ്. ടോപ് എട്ട് ബെർത്തിലൂടെ നേരിട്ട് പ്രീക്വാർട്ടറിലെത്തി അന്നത്തെ സീരീ എ ചാമ്പ്യന്മാർ. ഫ്രഞ്ച് ജേതാക്കൾക്കാവട്ടെ പ്ലേ ഓഫ് കടമ്പ കടക്കേണ്ടിവന്നു. ഇരുകൂട്ടർക്കും പിന്നീട് നേരിടാനുണ്ടായിരുന്നത് കരുത്തരെ. ലിവർപൂൾ, ആസ്റ്റൻ വില്ല, ആഴ്സനൽ ടീമുകളെ യഥാക്രമം പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമിഫൈനലിലും തകർത്താണ് പി.എസ്.ജിയുടെ വരവ്. അപ്പുറത്ത് ഫെയ്നൂർഡിനെ തോൽപിച്ച് ക്വാർട്ടറിലെത്തിയ ഇന്ററിനെ ഫൈനലിലേക്കുള്ള വഴികളിൽ കാത്തിരുന്നത് സാക്ഷാൽ ബയേൺ മ്യൂണിക്കും ബാഴ്സലോണയും.
ലയണൽ മെസ്സിയും നെയ്മറുമൊക്കെ പോയിട്ടും പി.എസ്.ജിയുടെ ശക്തി തെല്ലും ക്ഷയിച്ചിട്ടില്ലെന്നതിന് സമീപകാല പ്രകടനങ്ങൾ അടിവരയിടുന്നു. ലീഗ് വണ്ണിലെ അതിശക്തമായ മേധാവിത്വം മാത്രമല്ല ഫ്രാൻസിനും പുറത്തും പാരിസ് സംഘം എതിരാളികളെ നിലംപരിശാക്കുന്നതാണ് കാഴ്ച. ഇക്കുറി ഫ്രഞ്ച് ലീഗിൽ തോൽവിയറിയാതെ 30 മത്സരങ്ങളാണ് പൂർത്തിയാക്കിയത്. ലൂയിസ് എൻറിക്കെന്ന പരിശീലകനെന്ന പരിശീലകന് കീഴിൽ ചാമ്പ്യൻസ് ലീഗ് കിരീട സ്വപ്നവും സാക്ഷാൽക്കരിക്കാനാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. ലീഗ് വൺ പ്ലെയർ ഓഫ് ദ ഇയറായ ഉസ്മാനെ ഡെംബലെ തന്നെയാണ് ആക്രമണത്തിലെ കുന്തമുന. വിറ്റിഞ്ഞയും ജോവോ നെവസും ഫാബിയാൻ റൂയിസും മധ്യനിരയിലും അഷ്റഫ് ഹക്കീമിയും മാർക്വിഞ്ഞോസും നൂനോ മെൻഡസും പ്രതിരോധത്തിലും ശക്തമായ സാന്നിധ്യമായുണ്ട്. ക്രോസ് ബാറിന് താഴെ ഡോണറുമ്മയുടെ ചോരാത്ത കൈകളും.
അർജന്റീനയുടെ ഗോളടിയന്ത്രമായ ലൗതാരോ മാർട്ടിനെസ് നയിക്കുന്ന ഇന്റർമിലാൻ ഇക്കുറി സീരീ എ കിരീടം ഒറ്റ പോയന്റ് വ്യത്യാസത്തിൽ നാപ്പോളിക്ക് അടിയറവെച്ച ക്ഷീണത്തിലാണ്. 1964ലും 65ലും 2010ലും വൻകരയുടെ ചാമ്പ്യന്മാരായിട്ടുള്ള ഇന്ററിനെ സംബന്ധിച്ച് ഒന്നരപ്പതിറ്റാണ്ടിന് ഇത് തിരിച്ചെടുക്കേണ്ടതുണ്ട്.
ഗോൾകീപ്പർ സോമറുടെ മാസ്മരിക പ്രകടനങ്ങൾ ടീമിനെ എത്രയോ മത്സരങ്ങളിൽ കാത്തു. മുന്നേറ്റത്തിൽ അത്യന്തം അപകടകാരികളാണ് മാർട്ടിനസും മാർക്കസ് തുറാമും. അതുകൊണ്ടൊക്കെത്തന്നെയാണ് ഈ ഫൈനൽ തുല്യശക്തികൾ തമ്മിലെ മാറ്റുരക്കലും പ്രവചനാതീതവുമാകുന്നത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ