Cricket

മത്സരത്തിന് മുമ്പ് യുവരാജ് സിങുമായി അരമണിക്കൂർ ഫോണിൽ സംസാരിച്ചു; റെക്കോഡ് നേട്ടത്തിന് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് വൈഭവ് സൂര്യവംശി



ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിലെ മിന്നും പ്രകടനത്തിനു പിന്നാലെ വമ്പൻ തിരിച്ചുവരവിനെ കുറിച്ച് മനസുതുറന്ന് വൈഭവ് സൂര്യവംശി. ലിസ്റ്റ്-എ മത്സരത്തിൽ യുഎഇക്കെതിരെ 53 പന്തിൽ പുറത്താകാതെ 204 റൺസ് അടിച്ചുകൂട്ടിയ 15-കാരൻ വൈഭവ് സൂര്യവംശി ക്രിക്കറ്റ് ചരിത്രത്തിലെ നിരവധി റെക്കോർഡുകളാണ് തകർത്തത്.

സെപ്റ്റംബർ ആദ്യം മുതൽ 45 റൺസിൽ കൂടുതൽ നേടാനാകാതെ വിഷമിച്ച വൈഭവ്, തന്റെ ആരാധനാപാത്രമായ യുവരാജ് സിങുമായി നടത്തിയ സംഭാഷണങ്ങളും ദോഹയിലെ പിച്ച് കണ്ടെടുത്ത നിമിഷത്തെ ആത്മവിശ്വാസവുമാണ് ഈ തകർപ്പൻ തിരിച്ചുവരവിന് പിന്നിലെന്ന് വെളിപ്പെടുത്തി. മത്സരത്തിന് മുമ്പ് ബാറ്റിങ്ങുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ യുവരാജ് പറഞ്ഞുതന്നുവെന്നും അത് മൈതാനത്ത് തന്നെ സഹായിച്ചെന്നും വൈഭവ് പറഞ്ഞു.

ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 52 പന്തിൽ ഡബിൾ സെഞ്ച്വറി തികച്ച വൈഭവ്, ലിസ്റ്റ്-എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി എന്ന റെക്കോർഡ് പകുതിയോളം പന്തുകളിൽ കുറിച്ചു. ലിസ്റ്റ്-എ സെഞ്ച്വറിയിലെ ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് (384.90), ഒരു ലിസ്റ്റ്-എ ഇന്നിംഗ്സിലെ ഏറ്റവും കൂടുതൽ സിക്സറുകൾ (28) എന്നീ റെക്കോർഡുകളും ഈ കൗമാരതാരം സ്വന്തമാക്കി.

ഞാൻ മത്സരത്തിന് മുമ്പ് നാല് പേരോടാണ് സംസാരിച്ചത്. പതിവുപോലെ എന്റെ അച്ഛൻ, ബാല്യകാല പരിശീലകൻ മനീഷ് ഓജ, അണ്ടർ-19 കാലം മുതലുള്ള സുഹൃത്ത് പ്രഥം ജാചക്, നാലാമത്തെയാൾ യുവരാജ് സർ. ഞാൻ അദ്ദേഹത്തോട് ഏകദേശം അരമണിക്കൂറോളം സംസാരിച്ചു. എന്റെ ബാറ്റിങിനെക്കുറിച്ച് അദ്ദേഹം പല കാര്യങ്ങളും വിശദീകരിച്ചു. ഞാൻ വല്ലാതെ ടെൻഷനിലായിരുന്നു, അതുകൊണ്ട് തുറന്നു സംസാരിച്ചു. സർ, ബാറ്റിങിന് ഇറങ്ങുമ്പോൾ എനിക്ക് ഈ പ്രശ്നങ്ങൾ ഉണ്ട് എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം അരമണിക്കൂർ എല്ലാം വിശദമായി പറഞ്ഞുതന്നു. നീ 20 പന്ത് നേരിട്ടാൽ ടീമിന്റെ സ്കോർ മാറും എന്നാണ് അദ്ദേഹം പ്രധാനമായും പറഞ്ഞത്. സാങ്കേതികമായ പല കാര്യങ്ങളും പറഞ്ഞുതന്നു. അതെല്ലാം എന്നെ ഏറെ സഹായിച്ചുവെന്ന് വൈഭവ് പറഞ്ഞു.

യുവരാജ് നൽകിയ നിർദ്ദേശങ്ങൾക്ക് പിന്നാലെ വൈഭവ് സ്വന്തം ബാറ്റിങിന്റെ വീഡിയോകൾ പരിശോധിച്ചു. തന്റെ പിഴവുകൾ തിരിച്ചറിഞ്ഞ് തലേദിവസം തന്നെ അവ തിരുത്താൻ ശ്രമിച്ചതും ഗുണം ചെയ്തു.അദ്ദേഹം എന്റെ ആരാധനാപാത്രമാണ്. ആരാധനാപാത്രത്തോട് സംസാരിക്കുമ്പോൾ നമ്മൾ ശ്രദ്ധയോടെ കേൾക്കുമല്ലോ, അങ്ങനെ ഞാൻ ശ്രദ്ധയോടെ കേട്ടു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു വൈഭവ് വ്യക്തമാക്കി.

പാകിസ്ഥാൻ എ ടീമിനോടേറ്റ മുൻ മത്സരത്തിലെ തോൽവിക്ക് ശേഷം ഇന്ത്യ എ ടീമിന് നിർണ്ണായകമായിരുന്നു യുഎഇക്കെതിരായ മത്സരം. ആദ്യം ബാറ്റ് ചെയ്ത യുഎഇ 8 വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. അഞ്ച് ബൗളർമാരിൽ ഒരാൾക്ക് മാത്രമാണ് പത്തിലധികം ലിസ്റ്റ്-എ മത്സരങ്ങളുടെ പരിചയമുണ്ടായിരുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള കടുത്ത മത്സരങ്ങൾ കളിച്ച് പരിചയമുള്ള വൈഭവ് ഈ ആനുകൂല്യം കൃത്യമായി മുതലെടുത്തു. വെറും 14.2 ഓവറിൽ ഇന്ത്യ എ ലക്ഷ്യം മറികടന്നു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.