
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ തങ്ങളുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ പതറുകയാണ്. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് ഉയർത്തിയ 356 റൺസ് പിന്തുടരുന്ന ഇന്ത്യ ആറ് വിക്കറ്റിന് 116 റൺസ് എന്ന നിലയിലാണ്. ഇപ്പോൾ മത്സരത്തിനിടെ ഇന്ത്യൻ ഫീൽഡർമാർ നടത്തിയതിന്റെ പിഴവിന്റെ പേരിൽ കമന്ററി ബോക്സിലുണ്ടായിരുന്ന സുനിൽ ഗവാസ്കറുടെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.
മത്സരത്തിനിടെ ഇന്ത്യൻ ഫീൽഡ്‌മാർ അനായാസമായ ഒരു ക്യാച്ച് കൈവിട്ടപ്പോൾ ക്ഷമ നശിച്ച സുനിൽ ഗവാസ്കർ തന്റെ കമന്ററി ബോക്സിലിരുന്ന് തന്റെ അമർഷം തുറന്നുപ്രകടിപ്പിച്ചു. ന്യൂസിലൻഡ് ഇന്നിങ്സിനിടെ ആകാശ് ദീപ് പന്തെറിയുമ്പോഴാണ് സംഭവം. ഓവറിൽ ന്യൂസിലൻഡ് ബാറ്ററുടെ ബാറ്റിൽ തട്ടി എഡ്ജ് ആയ പന്ത് സ്ലിപ്പിൽ നിന്ന കെ.എൽ. രാഹുലിന് തൊട്ടുമുന്നിലായി വീണു. ഇന്ത്യൻ ഒരിക്കൽ കൂടി ക്യാച്ച് കൈവിട്ടുവെന്ന് മനസിലാക്കിയ ഗവാസ്കർ രോഷാകുലനായി. ഇതിന്റെ വീഡിയോ നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
അതേസമയം, ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ നാല് അനായാസ ക്യാച്ചുകളാണ് ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടുകളഞ്ഞത് എന്നും ഇതിനോട് ചേർത്ത് വായിക്കണം. രണ്ടാം ദിനവും മോശം ഫീൽഡിങ് ആവർത്തിച്ചതോടെയാണ് ഗവാസ്കർക്ക് ക്ഷമ നശിച്ചത്. നേരത്തെ, വെല്ലിങ്ടണിൽ നടന്ന ഒന്നാം ടെസ്റ്റിനിടെ ഇന്ത്യ രണ്ട് ക്യാച്ചുകൾ കൈവിട്ടിരുന്നു. ഇത് പിന്നീട് മത്സരം സമനിലയാക്കുന്നതിൽ നിർണായകമായിരുന്നു.
രണ്ടാം ദിനം അവസാനിച്ചതിന് ശേഷം, തന്റെ നിരാശയുടെ കാരണം ഗവാസ്കർ വെളിപ്പെടുത്തി. ക്യാച്ചുകൾ കൈവിടുന്നത് കളിയുടെ ഭാഗമാണെന്ന് ഇന്ത്യൻ ഇതിഹാസം സമ്മതിച്ചെങ്കിലും, ഇന്ത്യൻ ഫീൽഡർമാരുടെ സ്ഥാനം മികച്ചതായിരിക്കണമെന്നും അവർ കുറച്ച് സ്ഥലങ്ങളിൽ മുന്നോട്ട് നീങ്ങണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ടെസ്റ്റ് ക്രിക്കറ്റിലും ക്ലബ് ക്രിക്കറ്റിലും പോലെ ഇത്തരം കാര്യങ്ങൾ സംഭവിക്കും. മികച്ച ഫീൽഡർമാർ പോലും ഏറ്റവും ലളിതമായ ക്യാച്ചുകൾ കൈവിടും. അതിന് ഒരാളെ കുറ്റപ്പെടുത്താൻ കഴിയില്ല. ഇന്ത്യ കുറച്ച് പടി മുന്നോട്ട് നിൽക്കണമെന്ന് ഇന്നലെ മുതൽ ഈ ഷോയിൽ ഞാൻ പറയുന്നുണ്ട്. ഇതാണ് ഞാൻ അസ്വസ്ഥനായതിന്റെ കാരണം. ആ അവസരങ്ങളിൽ ചിലത് നേരിട്ടുള്ള ക്യാച്ചുകളായിരുന്നില്ലെങ്കിലും, മികച്ച പൊസിഷനിങ് ഉണ്ടായിരുന്നെങ്കിൽ ക്യാച്ചുകൾ എടുക്കാമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
