
ക്രൈസ്റ്റ്ചർച്ച്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യു.ടി.സി) ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെയാണ് താരത്തിന്റെ നേട്ടം. മത്സരത്തിലെ രണ്ടാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ ന്യൂസിലൻഡ് പേസർ ജേക്കബ് ഡഫിയെ സിക്സർ അടിച്ചാണ് പന്ത് നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ 44 ഡബ്ല്യുടിസി മത്സരങ്ങളിലെ 76 ഇന്നിങ്സുകളിൽ നിന്നായി താരത്തിന്റെ സിക്സറുകളുടെ എണ്ണം 89 ആയി ഉയർത്തി.
ഇംഗ്ലണ്ട് മുൻ താരം ബെൻ സ്റ്റോക്ക്‌സിനെ മറികടന്നാണ് പന്ത് സിക്സർ വേട്ടക്കാരിൽ ഒന്നാമതെത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സ്റ്റോക്സ് 64 മത്സരങ്ങളിലെ 117 ഇന്നിങ്സുകളിൽ നിന്നായി 88 സിക്‌സറുകൾ അടിച്ചിട്ടുണ്ട്. ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് 56 സിക്സുകൾ അടിച്ച രോഹിത് ശർമ്മയാണ്. ശുഭ്മാൻ ഗിൽ (48), യശസ്വി ജയ്സ്വാൾ (45) ഹാരി ബ്രൂക്ക് (44) എന്നിവരാണ് പിന്നിലുള്ളത്.
അതേസമയം, മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കിയെങ്കിലും പന്ത് വലിയ സ്കോർ നേടാൻ സാധിച്ചില്ല. 39 പന്തുകൾ നേരിട്ട താരം ഒരു സിക്‌സറും ഫോറുമടക്കം 23 റൺസാണ് നേടിയത്. നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ തൊട്ടടുത്ത ഓവറിൽ താരം ജേക്കബ് ഡഫിയുടെ പന്തിൽ കൈൽ ജാമിസണ് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ഇന്ത്യൻ ഇന്നിങ്സിൽ പന്തിന് പുറമെ മറ്റ് താരങ്ങൾക്കും നിരാശപ്പെടുത്തി. ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഡക്കിന് പുറത്തായപ്പോൾ കെ.എൽ രാഹുൽ 25 റൺസും ദേവ്ദത്ത് പടിക്കൽ 21 റൺസും ശുഭ്മൻ ഗിൽ 17 റൺസും വാഷിങ്ടൺ സുന്ദർ പത്ത് റൺസുമാണ് എടുത്തത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് മത്സരത്തിൽ പിടിമുറുക്കുകയാണ്. 46 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിലാണ്. 45 പന്തിൽ ഏഴ് റൺസെടുത്ത ധ്രുവ് ജുറെലാണ് ക്രീസിൽ. ന്യൂസിലൻഡിനായി കൈൽ ജാമിസൺ, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റുകളെടുത്തപ്പോൾ മാറ്റ് ഹെൻറിയും നഥാൻ സ്മിത്തും ഓരോ വിക്കറ്റുകൾ നേടി.
അതേസമയം, മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 356 റൺസിന് പുറത്തായി. 211 പന്തിൽ 89 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടലാണ് ന്യൂസിലൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. ടോം ലാതം (59), ഗ്ലെൻ ഫിലിപ്സ് (39), ഡെവോൺ കോൺവേ (31) എന്നിവരും മികവ് പുലർത്തി. ഇന്ത്യൻ നിരയിൽ ബുമ്ര വിക്കറ്റുകൾ ഒന്നുമില്ലാതെ ഇന്നിങ്‌സ് അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നേട്ടവുമായി ആകാശ് ദീപ് ഇന്ത്യയുടെ കരുത്തായി. അരങ്ങേറ്റ താരം ഗുർണൂർ ബ്രാറും അൻഷുൽ കാംബോജും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് സ്വന്തമാക്കി.
