
ക്രൈസ്റ്റ്ചർച്ച്: സമൂഹമാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് മറുപടി നൽകാനല്ല, ഇന്ത്യൻ ടീമിന്റെ വിജയത്തിനായാണ് കളിക്കുന്നതെന്ന് ഓപണർ സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ തകർപ്പൻ ബാറ്റിങ്ങുമായി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു, ടീമിന്റെ ആക്രമണാത്മക സമീപനത്തെക്കുറിച്ചും വിശദീകരിച്ചു. പവർപ്ലേയിൽ മികച്ച തുടക്കം ലഭിച്ചാൽ ആ ഘട്ടത്തിൽതന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ടീം ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.
ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ 33 പന്തിൽ എട്ട് ഫോറും നാല് സിക്സറുമടക്കം 67 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മിന്നുന്ന പ്രകടനത്തിന് പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരവും സഞ്ജുവിനെ തേടിയെത്തി.
പുറത്ത് ആരൊക്കെ എന്താണ് പറയുന്നതെന്ന് തനിക്കറിയില്ലെന്നും സമൂഹമാധ്യമങ്ങളിലെ ചർച്ചകളെക്കുറിച്ച് ചിന്തിച്ചിരുന്നാൽ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ലെന്നും സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ടീമിനായി കളിക്കുമ്പോൾ പലതരത്തിലുള്ള അഭിപ്രായങ്ങളും വിമർശനങ്ങളും ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ വിമർശിക്കുന്നവർ തെറ്റാണെന്ന് തെളിയിക്കാനല്ല തന്റെ കളിയെന്നും അദ്ദേഹം പറഞ്ഞു.
കളിയുടെ ഓരോ ഘട്ടത്തിനും അനുസരിച്ച് സമീപനത്തിൽ മാറ്റം വരുത്തുകയാണ് ടീമിന്റെ രീതിയെന്നും സഞ്ജു വിശദീകരിച്ചു. പവർപ്ലേ, മധ്യ ഓവറുകൾ, അവസാന ഓവറുകൾ എന്നിവയിൽ വ്യത്യസ്തമായ തന്ത്രങ്ങളാണ് സ്വീകരിക്കുന്നത്. ചേസ് ചെയ്യുന്ന മത്സരത്തിൽ തുടക്കത്തിൽ തന്നെ റൺറേറ്റ് ഉയർത്താൻ സാധിച്ചാൽ പവർപ്ലേയിൽത്തന്നെ എതിരാളികളുടെ സമ്മർദം വർധിപ്പിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ രീതി ഫലപ്രദമായി നടപ്പാക്കാൻ ടീമിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ മത്സരങ്ങളിലും ഈ ആക്രമണാത്മക ശൈലി തുടരാനാണ് ഇന്ത്യയുടെ പദ്ധതിയെന്നും ചിലപ്പോൾ പ്രതീക്ഷിച്ച ഫലം ലഭിക്കാതിരുന്നാലും സ്വന്തം കഴിവിലും സമീപനത്തിലും വിശ്വാസം നിലനിർത്തണമെന്നും സഞ്ജു പറഞ്ഞു.
തിരക്കേറിയ മത്സരക്രമത്തെക്കുറിച്ചും താരം പ്രതികരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നുണ്ടെങ്കിലും കളിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സഞ്ജു പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ ഫിറ്റ്നസിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് താരങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ശാരീരികമായും മാനസികമായും മത്സരങ്ങൾക്ക് സജ്ജരാകാൻ ആവശ്യമായ സൗകര്യങ്ങൾ ടീം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
