Cricket

ഷമിയാണ് നെറ്റ്സിലെ അപകടകാരിയായ ബൗളർ; തുറന്ന് പറഞ്ഞ് മുൻ സഹതാരം



മുംബൈ: നെറ്റ്സിലെ ഏറ്റവും അപകടകാരിയായ ബൗളർ മുഹമ്മദ് ഷമിയാണെന്ന് മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. വെല്ലുവിളികളെ അതിജീവിച്ചെത്തിയ ഷമി ഗ്രൗണ്ടിൽ പ്രതിബദ്ധതയും ആത്മാർത്ഥതയും കാണിച്ചുവെന്നും ഇന്ത്യൻ ടീമിന്റെ ഭാഗമായത് ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു പ്രതിസന്ധിയിലും ടീമിനെ ജയിപ്പിക്കുമെന്നായിരുന്നു താരത്തിന്റെ മനോഭാവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഷമി വിരമിച്ചതിന് പിന്നാലെയാണ് രഹാനെയുടെ പ്രതികരണം.

“നെറ്റ്സിൽ നേരിടാൻ ഏറ്റവും അപകടകാരിയായ ബൗളർ ഷമിയായിരുന്നു. അദ്ദേഹത്തിന് അത്ഭുതപ്പെടുത്തുന്ന സീം പൊസിഷനാണ്. ടെസ്റ്റായാലും ഏകദിനമായാലും അദ്ദേഹം പന്തെറിഞ്ഞ് മത്സരങ്ങൾ ജയിപ്പിച്ചിട്ടുണ്ട്. വെല്ലുവിളികൾ അതിജീവിച്ച് ഗ്രൗണ്ടിലെത്തി പ്രതിബദ്ധതയും ആത്മാർത്ഥതയും അദ്ദേഹം കാണിച്ചു. പ്രതിസന്ധി ഘട്ടത്തിൽ താൻ മത്സരം വിജയിപ്പിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. അതായിരുന്നു ഷമിയുടെ എപ്പോഴത്തെയും മനോഭാവം,’ രഹാനെ സോണി സ്പോർട്സിൽ പറഞ്ഞു.

വെള്ളിയാഴ്ചയാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഷമി വിരമിച്ചത്. 13 വർഷം നീണ്ട ടെസ്റ്റ് യാത്രക്ക് വിരമിട്ടായിരുന്നു താരത്തിന്റെ ഈ പ്രഖ്യാപനം. പേസർ 64 ടെസ്റ്റുകളിലെ 122 ഇന്നിങ്‌സുകളിൽ നിന്ന് 229 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ഷമി ഇന്ത്യക്കായി അവസാനമായി വെള്ള കുപ്പായമണിഞ്ഞത്.

ടെസ്റ്റിൽ ഷമി കൂടുതൽ അവസരങ്ങൾ അർഹിച്ചിരുന്നുവെന്നും രഹാനെ അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം കളിച്ച രീതിയും പന്തെറിഞ്ഞ രീതിയും വെച്ച് കൂടുതൽ അവസരങ്ങൾ അർഹിച്ചിരുന്നു. അദ്ദേഹം അതിനായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയധികം കളിച്ച ഒരു പരിചയസമ്പന്നനായ താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവ് നടത്തി, മികച്ച പ്രകടനം കാഴ്ചവച്ചു. പരിചയസമ്പന്നനായ ഒരു താരം എല്ലായ്‌പോഴും മികച്ച പ്രകടനം നടത്തുമെന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാനാകില്ല. അവിടെയാണ് അനുഭവസമ്പത്ത് ഉപകരിക്കുന്നതെന്നും രഹാനെ നിരീക്ഷിച്ചു.

“ഭുവി തിരിച്ചുവന്നതുപോലെ അദ്ദേഹത്തിനും ഒരു അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ കൈകളിൽ കഴിവും മാജിക്കുമുണ്ട്. രഞ്ജി ട്രോഫിയിലും അദ്ദേഹം വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഷമിയുടെ പരിശ്രമം കാരണം ഒരിക്കൽ കൂടി അദ്ദേഹം ടെസ്റ്റ് കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു,” രഹാനെ കൂട്ടിച്ചേർത്തു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.