
ന്യൂഡൽഹി: മുഹമ്മദ് ഷമിയുടെ ടെസ്റ്റ് ക്രിക്കറ്റിൽനിന്നുള്ള വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ പേസർക്ക് അർഹിച്ച യാത്രയയപ്പ് ലഭിച്ചില്ലെന്ന വിമർശനവുമായി മുൻ ഇന്ത്യൻ താരം അതുൽ വാസൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ നടത്തിയ പ്രതിഭാധനനായ ബൗളർക്ക് കൂടുതൽ ആദരവോടെയുള്ള വിടവാങ്ങൽ ലഭിക്കേണ്ടതായിരുന്നുവെന്നും ഷമിയുടെ കരിയർ അവസാനിച്ച രീതി തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
13 വർഷത്തെ ടെസ്റ്റ് കരിയറിനാണ് നവംബർ ആറിന് ഷമി വിരാമമിട്ടത്. 2013 നവംബർ ആറിന് വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അതേ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്ന പ്രത്യേകതയുമുണ്ട്. 64 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി പന്തെറിഞ്ഞ ഷമി 122 ഇന്നിങ്സുകളിൽനിന്നായി 27.71 ശരാശരിയിൽ 229 വിക്കറ്റുകൾ സ്വന്തമാക്കി. 3.30 ആണ് ഇക്കോണമി റേറ്റ്. ആറ് തവണ അഞ്ച് വിക്കറ്റ് നേട്ടവും 12 തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 56 റൺസ് വഴങ്ങി ആറു വിക്കറ്റ് നേടിയതാണ് മികച്ച ബൗളിങ് പ്രകടനം.
പരിക്കുകളെയും ശാരീരിക ബുദ്ധിമുട്ടുകളെയും അതിജീവിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ താരമാണ് ഷമിയെന്ന് അതുൽ വാസൻ എ.എൻ.ഐയോട് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് മികച്ച പ്രകടനങ്ങൾ നടത്തി തിരിച്ചുവരവിന് ശ്രമിച്ചിട്ടും അതിനുള്ള അവസരം ലഭിച്ചില്ല. രഞ്ജി ട്രോഫിയിൽ ഉൾപ്പെടെ കളിച്ച് കഠിനാധ്വാനം ചെയ്ത ഷമിക്ക് ഭുവനേശ്വർ കുമാറിനെപ്പോലെ മനോഹരമായൊരു തിരിച്ചുവരവും വിടവാങ്ങലും ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രായത്തിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരുതരം വിവേചനമുണ്ടെന്നും വാസൻ ആരോപിച്ചു. പരിക്കിൽനിന്ന് തിരിച്ചെത്താൻ ഷമി നടത്തിയ പരിശ്രമങ്ങൾ പരിഗണിക്കുമ്പോൾ ഒന്നോ രണ്ടോ സീസണുകൾ കൂടി താരത്തിന്റെ സേവനം ഇന്ത്യക്ക് പ്രയോജനപ്പെടുത്താമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മികച്ച സംഭാവനകൾ നൽകിയ മുതിർന്ന താരങ്ങൾക്ക് അർഹമായ ആദരവും പരിഗണനയും നൽകുന്നതിൽ ഇന്ത്യൻ ക്രിക്കറ്റിന് കുറച്ചുകൂടി മാന്യതയും മര്യാദയും കാണിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗൗതം ഗംഭീർ പരിശീലകസ്ഥാനത്തിരിക്കെ ഷമിയുടെ തിരിച്ചുവരവ് പ്രയാസകരമാകുമെന്ന് നേരത്തേ വ്യക്തമായിരുന്നുവെന്നും വാസൻ അഭിപ്രായപ്പെട്ടു. പ്രായം ഒരു ഘട്ടത്തിൽ പ്രകടനത്തെ ബാധിക്കുമെന്നത് യാഥാർഥ്യമാണെങ്കിലും രാജ്യത്തിനായി ഇത്രയധികം സംഭാവനകൾ നൽകിയ താരത്തിന് മാന്യമായ വിടവാങ്ങൽ ഉറപ്പാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുവ പേസർമാരെ വളർത്തിയെടുക്കേണ്ട സെലക്ടർമാരുടെ ഉത്തരവാദിത്തവും വാസൻ അംഗീകരിച്ചു. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി പുതിയ ബൗളർമാർക്ക് അവസരം നൽകേണ്ടതുണ്ട്. ചിലർ പരാജയപ്പെട്ടാലും പുതിയ താരങ്ങളെ പരീക്ഷിച്ച് ടീമിന്റെ മുന്നേറ്റം ഉറപ്പാക്കണം. എന്നാൽ മുഹമ്മദ് ഷമിയെപ്പോലുള്ള പരിചയസമ്പന്നരായ താരങ്ങൾക്ക് അർഹമായ ആദരം നൽകണം. വലിയ ടൂർണമെന്റുകൾ അടുത്തെത്തുമ്പോൾ ഇത്തരം താരങ്ങളുടെ സേവനം വീണ്ടും പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
