ആർ.സി.ബി ആരാധകർക്ക് നിരാശ; ബംഗളൂരുവിൽ ഇനി ഐ.പി.എൽ മത്സരങ്ങളില്ല! ഹോം മത്സരങ്ങൾ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റും



മുംബൈ: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ഇനി ഐ.പി.എൽ മത്സരങ്ങൾക്ക് വേദിയാകില്ലെന്ന് റിപ്പോർട്ട്. റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ഹോം മത്സരങ്ങൾ സംസ്ഥാനത്തിനു പുറത്തുള്ള മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന വിവരം.

പതിനെട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ സീസണിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി) ആദ്യമായി ഐ.പി.എല്ലിൽ കിരീടം നേടുന്നത്. എന്നാൽ, കിരീടധാരണത്തിന് പിന്നാലെ സംഘടിപ്പിച്ച ആഘോഷ പരിപാടി ബംഗളൂരിൽ വൻ ദുരന്തത്തിലാണ് കലാശിച്ചത്. ആഘോഷ പരിപാടികൾക്കിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനു പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. ആരാധകർ കൂട്ടത്തോടെ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോകുകയായിരുന്നു.

സംഭവത്തിൽ ആർ.സി.ബിയുടെ മാർക്കറ്റിങ് തലവൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. വിവാദമായതോടെ സംസ്ഥാന സർക്കാറും പ്രതിക്കൂട്ടിലായി. പുതിയ സീസണിൽ ആർ.സി.ബിയുടെ ഹോം മത്സരങ്ങൾക്ക് പുണയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) സ്റ്റേഡിയം വേദിയാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിന്നസ്വാമി സ്റ്റേഡിയം വലിയ മത്സരങ്ങൾ നടത്തുന്നതിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർ.സി.ബിയുടെ ഹോം മത്സരങ്ങൾ മറ്റൊരു സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്.

ജൂണിലുണ്ടായ ദുരന്തമാണ് അധികൃതരെ ഈ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ചത്. ആർ.സി.ബി ആരാധകരെ നിരാശപ്പെടുത്തുന്നതാണ് തീരുമാനം. ‘ആർ.സി.ബിയുടെ ഹോം മത്സരങ്ങൾ പുണയിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നുണ്ട്, ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ജൂണിലുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ മത്സരം നടത്തുന്നതിന് ചില പ്രശ്നങ്ങളുണ്ട്. തുടർന്നാണ് നമ്മുടെ സ്റ്റേഡിയം മത്സരങ്ങൾക്ക് വിട്ടുകൊടുക്കാമെന്ന് അറിയിച്ചത്. പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നത്. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ പുണ ആർ.സി.ബിയുടെ മത്സരങ്ങൾക്ക് വേദിയാകും’ -എം.സി.എ സെക്രട്ടറി കമലേഷ് പായ് വെളിപ്പെടുത്തി.

ഇന്ത്യയിൽ നടന്ന ഐ.പി.എൽ ടൂർണമെന്‍റുകളിലെല്ലാം ആർ.സി.ബിയുടെ ഹോം മത്സരങ്ങൾക്ക് ഇതുവരെ വേദിയായത് ചിന്നസ്വാമി സ്റ്റേഡിയമാണ്. 2009ൽ ഐ.പി.എൽ നടന്നത് ദക്ഷിണാഫ്രിക്കയിലാണ്. കോവിഡ് കാലത്ത് യു.എ.ഇയിലാണ് ഐ.പി.എൽ അരങ്ങേറിയത്.



© Madhyamam