Cricket

‘ഈ അറ്റിറ്റ്യൂഡാണെങ്കിൽ കാര്യം പോക്കാണ്…’; കോഹ്‌ലിയുടെ ഉപദേശം അവഗണിച്ച ശ്രേയസ് അയ്യരെ വിമർശിച്ച് ആരാധകർ -വിഡിയോ



മൗണ്ട് മൻഗനൂയി: ന്യൂസിലൻഡിനെതിരായ അഞ്ചാം ഏകദിന മത്സരത്തിനിടെ പുറത്തുവന്ന ഒരു വിഡിയോക്കു പിന്നാലെ ഇന്ത്യൻ താരം ശ്രേയസ്സ് അയർക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.

മത്സരത്തിനിടെ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നൽകിയ ഉപദേശം ശ്രേയസ് അയ്യർ അവഗണിക്കുന്നതായി തോന്നിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഓവറുകൾക്കിടയിലെ ഇടവേളയിലാണ് സംഭവം നടന്നത്. ഇഷാൻ കിഷൻ താൽക്കാലിക ക്യാപ്റ്റൻ ശ്രേയസ്സുമായി സംസാരിക്കുന്നതിനിടെ കോഹ്ലി അടുത്തേക്ക് വന്നു. ശ്രേയസ് അയ്യരോട് എന്തോ കാര്യം വിശദീകരിക്കാനോ ഉപദേശം നൽകാനോ കോഹ്‌ലി ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. എന്നാൽ കോഹ്‌ലി പറയുന്നത് ശ്രദ്ധിച്ച് കേൾക്കാൻ നിൽക്കാതെ ശ്രേയസ് അവിടെനിന്ന് നടന്നുപോകുന്നതും വിഡിയോയിലുണ്ട്.

കുറഞ്ഞ സമയം മാത്രമുള്ള ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി ആരാധകർ അതൃപ്തി പ്രകടിപ്പിച്ചു രംഗത്തുവന്നു. മധ്യനിര ബാറ്ററായ ശ്രേയസ് അയ്യർ, കോഹ്‌ലിയെപ്പോലൊരു മുതിർന്ന താരത്തിന്റെ ഉപദേശം കൂടുതൽ ശ്രദ്ധയോടെ കേൾക്കേണ്ടതായിരുന്നുവെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാൽ ഇരുവരും തമ്മിൽ എന്താണ് സംസാരിച്ചതെന്ന് ഈ വിഡിയോയിൽ നിന്ന് വ്യക്തമല്ല. തന്‍റെ വാക്കുകൾക്ക് ശ്രേയസ് ചെവികൊടുക്കാത്തതിന്‍റെ നീരസം കോഹ്ലിയുടെ മുഖത്ത് പ്രകടമാണ്. എന്നാൽ, സംഭവത്തിന്റെ പൂർണ പശ്ചാത്തലം അറിയാതെ ശ്രേയസിനെ വിമർശിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും ഒരു വിഭാഗം ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്.

കോഹ്‌ലിയുടെ അനുഭവസമ്പത്തും ക്രിക്കറ്റിലെ സ്ഥാനവും കണക്കിലെടുക്കുമ്പോൾ അദ്ദേഹം പറയുന്നത് കേൾക്കാൻ ശ്രേയസ് മനസ്സുകാണിക്കണമെന്നാണ് ആരാധകരുടെ പ്രതികരണം. ശ്രേയസിന് അമിതമായ അറ്റിറ്റ്യൂഡും ഈഗോയും ആണെന്നും ചില ആരാധകർ വിമർശിച്ചു.

അതേസമയം, ബാറ്റർമാർ നിറംമങ്ങിയ മത്സരത്തിൽ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിലൂടെ മത്സരം ജയിച്ച ഇന്ത്യ പരമ്പര 3-1ന് സ്വന്തമാക്കി. അവസാന ഏകദിനത്തിൽ ന്യൂസിലൻഡിനെ 22 റൺസിനാണ് ഇന്ത്യ വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 187 റൺസിന് എല്ലാവരും പുറത്തായി. 30 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപാണ് ഇന്ത്യൻ വിജയത്തിന്‍റെ ശിൽപി. മുഹമ്മദ് സിറാജും അക്ഷർ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആഖ്വിബ് നബി, അരങ്ങേറ്റക്കാരൻ യാഷ് താക്കൂർ, നമൻ ധിർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിൽ ന്യൂസിലൻഡ് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ, വിൽ യങ്ങിനെ പുറത്താക്കി അർഷ്ദീപ് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നാലെ നിക്ക് കെല്ലിയും ഫിൻ അലനും മടങ്ങിയതോടെ ആതിഥേയർ സമ്മർദത്തിലായി. ഡീൻ ഫോക്സ്‌ക്രോഫ്റ്റും മൈക്കൽ ബ്രേസ്‌വെല്ലും ചേർന്ന് ഇന്നിങ്സ് കരകയറ്റാൻ ശ്രമിച്ചെങ്കിലും കൂട്ടുകെട്ട് അധികം നീണ്ടില്ല. ബ്രേസ്‌വെല്ലിനെ ആഖ്വിബ് നബി പുറത്താക്കിയപ്പോൾ 31 റൺസെടുത്ത ഫോക്സ്‌ക്രോഫ്റ്റിനെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യാഷ് താക്കൂർ മടക്കി. ഇതോടെ ന്യൂസിലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിലേക്ക് വീണു.

നായകൻ മിച്ചൽ സാന്റ്നർ ചെറുത്തുനിൽപ്പിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ വിട്ടുകൊടുത്തില്ല. സാന്റ്നറെ നമൻ ധിർ പുറത്താക്കിയതോടെ കിവികളുടെ തിരിച്ചുവരവ് പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ശേഷിച്ച വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ പരമ്പരജയം ഉറപ്പിച്ചു.

നേരത്തേ, ന്യൂസിലൻഡ് ബൗളർമാർക്കുമുന്നിൽ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞിരുന്നു. രോഹിത് ശർമ (7), വിരാട് കോഹ്‌ലി (5), ഋതുരാജ് ഗെയ്ക്വാദ് (18) എന്നിവർ വേഗം മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 34 എന്ന നിലയിലായി. പ്രതിസന്ധിഘട്ടത്തിൽ അക്ഷർ പട്ടേലും നായകൻ ശ്രേയസ് അയ്യരും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സിന് ജീവൻ നൽകിയത്. നാലാം വിക്കറ്റിൽ ഇരുവരും 52 റൺസ് കൂട്ടിച്ചേർത്തു. അയ്യർ 22 റൺസെടുത്ത് മടങ്ങിയെങ്കിലും അക്ഷർ ചെറുത്തുനിൽപ്പ് തുടർന്നു.

അക്ഷർ പട്ടേലും ഇഷാൻ കിഷനും 46 റൺസ് വീതം നേടി. നമൻ ധിർ 22 റൺസുമായി പിന്തുണ നൽകി. അവസാന ഓവറുകളിൽ മുഹമ്മദ് സിറാജും അർഷ്ദീപ് സിങ്ങും നടത്തിയ ആക്രമണമാണ് ഇന്ത്യൻ സ്കോർ 200 കടത്തിയത്. ഇരുവരും 14 റൺസ് വീതം നേടി. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്നറും ജേക്കബ് ഡഫിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മാത്യു ഫിഷർ രണ്ടു വിക്കറ്റും സ്വന്തമാക്കി.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.