
കൊൽക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ ഹൈദരാബാദിനെതിരായ ഗംഭീര വിജയത്തിന് പിന്നാലെ തനിനാടൻ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ച് ഇന്ത്യൻ താരങ്ങളായ സൂര്യകുമാർ യാദവും സർഫ്രാസ് ഖാനും. കൊൽക്കത്തയിലെ ജാദവ്പൂർ യൂനിവേഴ്സിറ്റി കാമ്പസിലാണ് താരങ്ങൾ സുഹൃത്തുക്കൾക്കൊപ്പം രുചികരമായ മട്ടൻ കറിയും ചൂടുചപ്പാത്തിയും കഴിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മാനിക് പ്രധാൻ എന്ന വ്യക്തിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് വീഡിയോ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അതിഥികളായാണ് താരങ്ങളെത്തിയത്.
‘മാനിക് ഭായ് ഞങ്ങൾക്ക് വേണ്ടി ഇന്ന് മട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. പിന്നെ ദാ (മറ്റൊരു വ്യക്തിയെ ചൂണ്ടിക്കാണിച്ചുകൊണ്ട്) ചൂടുള്ള ചപ്പാത്തി ഉണ്ടാക്കുന്നു, ഒട്ടും തണുക്കാതെ ഗരംഗരം. ഇത് തികച്ചും ഒരു വീട്ടിനുള്ളിലെ ഫീലാണ് തരുന്നത്’-എന്ന് സൂര്യകുമാർ യാദവ് വീഡിയോയിൽ പറയുന്നുണ്ട്.
ഭക്ഷണത്തിന്റെ സ്വാദിൽ മതിമറന്നിരിക്കുന്ന സർഫറാസ് ഖാനാകട്ടെ, ‘ഭക്ഷണം ഇത്രയും നന്നായിട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്, സംസാരിക്കാൻ പോലും തോന്നുന്നില്ല’- എന്ന് പുഞ്ചിരിയോടെ പറഞ്ഞു.
സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിൽ മുംബൈ ടീമിനെ നയിക്കുന്നത് സൂര്യകുമാർ യാദവാണ്. ശനിയാഴ്ച ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ തുടക്കമാണ് താരം നൽകിയത്. വെറും 21 പന്തിൽ നിന്ന് പുറത്താകാതെ 60 റൺസാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്.
ആറ് ഫോറുകളും അഞ്ച് സിക്സറുകളും ഉൾപ്പെട്ടതാണ് താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്. വെറും 15 പന്തുകളിൽ നിന്നാണ് താരം അർധശതകംപൂർത്തിയാക്കിയത്. സൂര്യകുമാറിന്റെ ബാറ്റിങ് മികവിൽ 13.1 ഓവറിൽ 173 റൺസ് ലക്ഷ്യം മറികടന്ന മുംബൈ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.
ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബെ, കൈക്ക് പരിക്കേറ്റതിനെ തുടർന്ന് രഞ്ജി ട്രോഫിയുടെ ആദ്യ പാദം നഷ്ടമാവുകയും പിന്നീട് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയും ചെയ്ത ശാർദുൽ താക്കൂർ തുടങ്ങിയവരും മുംബൈ സ്ക്വാഡിലുണ്ട്.
