Cricket

മഴ കളിച്ചു, രണ്ടാം ഏകദിനത്തിൽ വിറച്ച് ജയിച്ച് ഇന്ത്യ; ന്യൂസിലാൻഡിനെതിരെ വിജയം നാല് റൺസിന്



വെല്ലിങ്ടൺ: ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും വിജയം സ്വന്തമാക്കി ഇന്ത്യ. വെല്ലിങ്ടൺ സ്റ്റേഡിയത്തിൽ നടന്ന കുഞ്ഞൻ സ്കോർ പിറന്ന മത്സരത്തിൽ മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ നാല് റൺസിന് വിജയം സ്വന്തമാക്കുകയായിരുന്നു. ഗുർനൂർ ബ്രാറിന്റെ പ്രകടനമാണ് ടീമിന് കരുത്തായത്.

തുടക്കത്തിൽ തന്നെ മഴ വില്ലനായി എത്തിയതോടെ മത്സരം 47 ഓവറായി കുറച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കിവീസ് 134 റൺസിന് പുറത്തായിരുന്നു. ഇത് പിന്തുടർന്ന് ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്കോർ ഏഴ് വിക്കറ്റിന് 113 റൺസ് എന്ന നിലയിൽ നിൽക്കവേ വീണ്ടും മഴയെത്തി. മഴ കുറയാതിരുന്നതോടെ ഡക്ക്‌വർത്ത്-ലൂയിസ്-സ്റ്റേൺ നിയമപ്രകാരം ഇന്ത്യ വിജയിക്കുകയായിരുന്നു.

ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തകർന്നടിയുകയായിരുന്നു. ഡാരിൽ മിച്ചലും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും മാത്രമാണ് പിടിച്ചുനിന്നത്. മിച്ചൽ 104 പന്തിൽ 55 റൺസും

സാന്റ്നർ 38 പന്തിൽ 31 റൺസുമെടുത്തു. ഇവർക്ക് പുറമെ 26 പന്തിൽ 11 റൺസെടുത്ത ഹെൻറി നിക്കോൾസാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്.

നാല് വിക്കറ്റ് വീഴ്ത്തിയ ഗുർനൂർ ബ്രാറിന്റെ പ്രകടനമാണ് ന്യൂസിലാൻഡിന്റെ നടുവൊടിച്ചത്. അക്ഷർ പട്ടേൽ, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ താരങ്ങളും റൺസ് കണ്ടെത്താൻ വെള്ളം കുടിച്ചു. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഡക്കിന് പുറത്തായപ്പോൾ വിരാട് കോഹ്‌ലി ഏഴ് റൺസിന് മടങ്ങി. ഇന്ത്യൻ നിരയിൽ ശ്രേയസ് അയ്യർ (46 പന്തിൽ 30), രോഹിത് ശർമ (28 പന്തിൽ 23) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. 38 പന്തിൽ 26 റൺസുമായി കെ.എൽ രാഹുൽ പുറത്താവാതെ നിന്നു.

ന്യൂസിലാൻഡിനായി കൈൽ ജാമിസനും ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റുകൾ വീതം എടുത്തു. മാത്യു ഫിഷർ ഒരു വിക്കറ്റും നേടി.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.