
മെൽബൺ : 2018-ൽ ലോക ക്രിക്കറ്റിനെ ഒന്നടങ്കം ഉലച്ച കേപ് ടൗൺ പന്ത് ചുരണ്ടൽ (സാൻഡ്പേപ്പർ ഗേറ്റ്) വിവാദത്തിൽ മുൻ സഹതാരം ഉസ്മാൻ ഖവാജ വെളിപ്പെടുത്തിയത് നൂറു ശതമാനവും സത്യമാണെന്ന് ഉറപ്പിച്ചു പറഞ്ഞ് മുൻ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. വിവാദത്തിനു ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ അന്വേഷണം ധൃതിപിടിച്ചതും അപൂർണ്ണവുമായിരുന്നു എന്ന് വാർണർ ആഞ്ഞടിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് എട്ടു വർഷത്തെ മൗനത്തിനൊടുവിൽ വാർണർ ഖവാജയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.
“ഉസ്മാൻ പറഞ്ഞത് 100% കൃത്യമായ കാര്യമാണ്. സത്യം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ഉസ്സീ, താങ്കൾ ചെയ്തതിനെ ഞാൻ പൂർണ്ണമായും പിന്തുണയ്ക്കുന്നു. ഇതിൽ ആരെയും കുറ്റപ്പെടുത്താനോ പഴയ മുറിവുകൾ കുത്തിപ്പൊക്കാനോ അല്ല ശ്രമിക്കുന്നത്; മറിച്ച് സുതാര്യതയും ഉത്തരവാദിത്തവുമാണ് പ്രധാനം.” ഡേവിഡ് വാർണർ പറഞ്ഞു.
അന്വേഷണം തട്ടിക്കൂട്ട്
വിവാദ സംഭവത്തിനു ശേഷം തന്നെയോ മറ്റ് പ്രധാന കളിക്കാരെയോ കേൾക്കാൻ അന്വേഷണ സംഘം തയ്യാറായില്ലെന്ന് ഖവാജയും വെളിപ്പെടുത്തിയിരുന്നു. ഡ്രസ്സിങ് റൂമിൽ കാമറൂൺ ബാങ്ക്രോഫ്ടിന്റെ തൊട്ടടുത്തിരുന്ന തന്നോട് വിവരങ്ങൾ പോലും ചോദിക്കാതിരുന്ന അന്വേഷണ രീതി അത്ഭുതപ്പെടുത്തുന്നതാണെന്ന് ഖവാജ തുറന്നടിച്ചിരുന്നു. ഖവാജയുടെ ചോദ്യങ്ങളെ പിന്തുണച്ച വാർണർ, സത്യത്തെ അന്വേഷിക്കാൻ തുനിഞ്ഞിറങ്ങിയവരെ കുറ്റപ്പെടുത്തുന്നതിന് പകരം തട്ടിക്കൂട്ട് അന്വേഷണം നടത്തിയവരോടാണ് ചോദ്യങ്ങൾ ചോദിക്കേണ്ടതെന്ന് വ്യക്തമാക്കി.
എന്താണ് സാൻഡ്‌പേപ്പർ ഗേറ്റ്?
2018-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തിന്റെ സ്വാഭാവിക ഘടന മാറ്റാൻ പന്ത് ചുരണ്ടിയതാണ് വിവാദമായത്. കേസിൽ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർക്ക് ഒരു വർഷത്തെ വിലക്കും ബാങ്ക്രോഫ്ടിന് ഒൻപത് മാസത്തെ വിലക്കും ലഭിച്ചിരുന്നു. എന്നാൽ ബാറ്റിങ് നിരയിലെ ഇവർക്ക് പുറമെ ടീമിലെ എല്ലാവർക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് ഖവാജ അടുത്തിടെ വെളിപ്പെടുത്തി.
പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ തുടങ്ങിയ പ്രധാന ബൗളർമാർക്ക് ഇത് അറിയില്ലായിരുന്നു എന്ന ഔദ്യോഗിക വാദത്തെ ചോദ്യം ചെയ്യുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.
തന്റെ രണ്ട് പെൺമക്കൾക്ക് അന്നത്തെ കാര്യങ്ങൾ വിശദീകരിച്ചു നൽകിയ അനുഭവവും വാർണർ വീഡിയോയിൽ പങ്കുവെച്ചു. ‘നമ്മൾ സത്യം മാത്രമേ പറയാവൂ, കാരണം നുണകൾ ഒരിക്കൽ പുറത്തുവരും’ എന്നാണ് മക്കളോട് പറഞ്ഞതെന്ന് വാർണർ കൂട്ടിച്ചേർത്തു.
