സെഞ്ച്വറി നേടി ഹെഡ് പുറത്ത്, അർധ ശതകം പിന്നിട്ട് സ്മിത്ത്; ഇംഗ്ലണ്ടിനെതിരെ ഓസീസ് ലീഡിലേക്ക്



സിഡ്നി: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ ശക്തമായ നിലയിൽ. സെഞ്ച്വറി നേടിയ ഓപണർ ട്രാവിസ് ഹെഡ് (163) പുറത്തായെങ്കിലും ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറിനരികെയാണ് ഓസീസ്. 86 ഓവർ പിന്നിടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 356 റൺസ് എന്ന നിലയിലാണ് ആതിഥേയർ. അർധ സെഞ്ച്വറി പിന്നിട്ട ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന് (51*) കൂട്ടായി അലക്സ് ക്യാരിയാണ് (15*) ക്രീസിലുള്ളത്. ഒന്നാം ഇന്നിങ്സ് ലീഡിനായി 29 റൺസ് കൂടി വേണം. 384 റൺസാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ നേടിയത്.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിനായി, ട്രാവിസ് ഹെഡ് ആദ്യ സെഷനിൽ തന്നെ സെഞ്ച്വറി പൂർത്തിയാക്കി. 105 പന്തിലാണ് ഓസീസ് ഓപണർ മൂന്നക്കം കടന്നത്. ഉച്ചഭക്ഷണത്തിനു പിരിയും മുമ്പ് മൈക്കൽ നെസർ (24) വീണെങ്കിലും ഹെഡ് ഇതിനോടകം നിലയുറപ്പിച്ച് കളിച്ച് 150 പിന്നിട്ടിരുന്നു. ക്ഷമയോടെ കളിച്ച താരം 24 ഫോറും ഒരു സിക്സും ഉൾപ്പെടെ 163 റൺസ് നേടിയാണ് പുറത്തായത്. അവസാന ടെസ്റ്റ് മത്സരത്തിനിറങ്ങിയ ഉസ്മാൻ ഖ്വാജ (17) നിരാശപ്പെടുത്തി.



© Madhyamam