
രാജ്കോട്ട്: പിതാക്കന്മാർ ഇതിഹാസങ്ങളായി വാണ വഴിയേ മക്കളുടെ അരങ്ങേറ്റം. ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങൾ രാഹുൽ ദ്രാവിഡിന്റെയും വീരേന്ദർ സെവാഗിന്റെയും മക്കൾ പാഡണിഞ്ഞ് ക്രീസിലിറങ്ങിയപ്പോൾ പതിറ്റാണ്ടുകൾ മുമ്പത്തെ ക്രിക്കറ്റ് പോർക്കളത്തിലേക്കായി ആരാധകരുടെ യാത്ര. ഇന്ത്യ അണ്ടർ 19 ടീമിനു വേണ്ടിയായിരുന്നു ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും, സെവാഗിന്റെ മകൻ ആര്യവീർ സെവാഗും ക്രീസിലിറങ്ങിയത്. ആസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ഏകദിന മത്സരത്തിൽ പിതാവിന്റെ അതേ ഓപണിങ് പൊസിഷനിലായിരുന്നു ആര്യവീർ സെവാഗും അരങ്ങേറ്റക്കാരനായിറങ്ങിയത്.
26 പന്തിൽ 28 റൺസുമായി, അഞ്ച് ബൗണ്ടറികളുടെ അകമ്പടിയിൽ ഭേദപ്പെട്ട തുടക്കം. മധ്യനിരയിലെത്തിയ അൻവയ് ദ്രാവിഡ്, പിതാവിന്റെ ബാറ്റിങ് സൗമനസ്യമൊന്നും പ്രകടിപ്പിച്ചില്ല. 18 പന്തിൽ മൂന്ന് സിക്സും രണ്ട് ബൗണ്ടറിയുമായി 38 റൺസ്.
മഴകാരണം 20 ഓവറായി കുറച്ച മത്സരത്തിൽ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. യശ്ഭർദൻ ചൗഹാൻ (54) ഇന്ത്യൻ ഇന്നിങ്സിൽ നിർണായക സാന്നിധ്യമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് ഏഴ് റൺസിന്റെ ജയം.
