'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ



ഇന്ത്യ – അഫ്ഗാനിസ്താന്‍ ഫ്രണ്ട്ഷിപ്പ് കപ്പിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലെ ഒരു രംഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാവാൻ അഫ്ഗാൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനെയും ക്ഷണിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പെരുമാറ്റമാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയത്.

മത്സരശേഷം ട്രോഫി ഉയർത്താൻ വിളിച്ചപ്പോളാണ് ശ്രേയസ് സദ്രാനെ ക്ഷണിക്കുകയും വിജയാഘോഷത്തിൽ പങ്കാളികളാവാനും ആവശ്യപ്പെട്ടത്. പിന്നീട് ഇന്ത്യൻ ടീമിന്റെ ഫോട്ടോയുടെ ഭാഗമാകാനും അയ്യർ അഫ്ഗാൻ നായകനെ വിളിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ, മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെയും എതിർ ടീമിനെ വിജയാഘോഷത്തിൻറെ ഭാഗമാകാൻ ക്ഷണിച്ചിരുന്നു. 2018ൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന അഫ്ഗാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ വിജയിച്ചതിന് ശേഷമായിരുന്നു സംഭവം. അന്ന് ടീമിനെ നയിച്ച രഹാനെ ടീം ഫോട്ടോയിൽ അഫ്ഗാൻ താരങ്ങളെ മുഴുവൻ വിളിച്ചിരുന്നു.

അതേസമയം, മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ആദ്യ രണ്ട് ട്വന്റി20യിൽ ഏഴ് വിക്കറ്റിന് വിജയിച്ച മെൻ ഇൻ ബ്ലൂ അവസാന മത്സരത്തിൽ 127 റൺസിന്റെ കൂറ്റൻ വിജയമാണ് കരസ്ഥമാക്കിയത്. മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ ഇടം കൈയ്യൻ ഓപ്പണർ അഭിഷേക് ശർമയുടെ കരുത്തിലായിരുന്നു ഇന്ത്യ വിജയം നേടിയത്.



© Madhyamam