ഇറാനെ പിടിച്ചുകെട്ടിയ ആദ്യ പകുതി, അവസാന 30 മിനിറ്റിൽ മൂന്ന് ഗോളുകൾ; ഇറാനോട് പൊരുതിത്തോറ്റ് ഇന്ത്യ

ഹി​സോ​ർ (ത​ജി​കി​സ്താ​ൻ): കരുത്തരിൽ കരുത്തരായ ഇറാനോട് പൊരുതി തോറ്റ് ഇന്ത്യ. കാ​ഫ നാ​ഷ​ൻ​സ് ക​പ്പ് ഫുട്ബാൾ ടൂ​ർ​ണ​മെ​ന്റി​ൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇറാന്റെ ജയമെങ്കിലും ഗോൾ രഹിതമായ ആദ്യപകുതി മാത്രം മതിയായിരുന്നു ഇന്ത്യയുടെ ചെറുത്ത് നിൽപ്പിന്റെ ആഴം അളക്കാൻ.

ഫി​ഫ റാങ്കിങ്ങിൽ 133ാം സ്ഥാ​ന​ക്കാ​രാ​യ ഇന്ത്യ, 20ാം സ്ഥാ​നത്തുള്ള ഇറാനോട് ആദ്യപകുതിയിൽ ഉടനീളം ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന ഇന്ത്യക്കിത് മധുരമുള്ള തോൽവിയാണ്. 60, 89, 96 മിനിറ്റുകളിലാണ് ഇറാന്റെ ഗോളുകൾ.

രണ്ടാം പകുതിയിലെ 60ാം മിനിറ്റിൽ ആമിർ ഹുസൈനാണ് ഇറാന് വേണ്ടി ലീഡെടുക്കുന്നത്. രാഹുൽ ഭേക്കെയും അൻവർ അലിയും കൈവിട്ട പന്ത് പിൻ പോസ്റ്റിൽ ഒരു ക്രോസ് ലഭിച്ച അമിർ പിഴവുകളില്ലാതെ വലയിലെത്തിച്ചു.

ഗോളടിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെ പ്രതിരോധ നിരയും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും സമർത്ഥമായി ചെറുത്തുനിന്നെങ്കിലും 89ാം മിനിറ്റിൽ രണ്ടാമത്തെ ഗോളുമെത്തി. മെഹ്ദി തരേമി ഷോട്ട് ഗുർപ്രീത് തട്ടിയകറ്റിയെങ്കിലും ഇറാൻ സ്ട്രൈക്കർ അലി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു (2-0). അന്തിമ വിസിലിന് തൊട്ടുമുൻപ് 96ാം മിനിറ്റിൽ മെഹ്ദി തരേമി മൂന്നാമത്തെ ഗോളും നേടിയതോടെ ഇന്ത്യയുടെ തോൽവി പൂർണമായി.

പുതുതായി നിയമിതരായ മുഖ്യ പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ കാ​ഫ നാ​ഷ​ൻ​സ് ക​പ്പി​ലെ ആ​ദ്യ ക​ളി​യി​ൽ ആ​തി​ഥേ​യ​രാ​യ ത​ജി​കി​സ്താ​നെ 2-1ന് ​വീ​ഴ്ത്തി​യ​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് ഇ​ന്ത്യ ഇന്നിറങ്ങിയത്. മൂന്ന് ഗോൾ വഴങ്ങിയെങ്കിലും ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നത് തന്നെയാണ്.

ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ൽ ഒ​രേ​യൊ​രു ത​വ​ണ​യാ​ണ് ഇ​റാ​നെ തോ​ൽ​പി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​യ​ത്. 1951ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പേ​ർ​ഷ്യ​ക്കാ​രെ ഒ​റ്റ ഗോ​ളി​ന് വീ​ഴ്ത്തി ഇ​ന്ത്യ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​രു ടീ​മും മു​ഖാ​മു​ഖം വ​ന്ന​ത് 2018 ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ൽ. മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​യി​രു​ന്നു ഇ​റാ​ന്റെ ജ​യം.



© Madhyamam