തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് സീസണിലെ ആദ്യ തോൽവി. ആവേശപ്പോരിൽ തൃശൂർ ടൈറ്റൻസ് അഞ്ചു വിക്കറ്റിനാണ് കൊച്ചിയെ വീഴ്ത്തിയത്.
സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിൽ കൊച്ചി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം അവസാനപന്തിലാണ് തൃശൂർ മറികടന്നത്. അഹമ്മദ് ഇമ്രാന്റെ തകർപ്പൻ അർധ സെഞ്ച്വറിയാണ് തൃശൂരിന് ജയം സമ്മാനിച്ചത്. താരം 40 പന്തിൽ നാലു സിക്സും ഏഴു ഫോറുമടക്കം 72 റൺസെടുത്തു. ആറാം വിക്കറ്റിൽ നായകൻ സിജോമോൻ ജോസഫും എ.കെ. അർജുനും പടുത്തുയർത്തിയ അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. അവസാന ഓവറില്‍ 15 റണ്‍സാണ് തൃശൂരിന് വേണ്ടിയിരുന്നത്.
അവസാനപന്തില്‍ ഫോറടിച്ച് സിജോമോന്‍ ടീമിനെ ജയിപ്പിച്ചു. അര്‍ജുന്‍ 16 പന്തില്‍ 31 റണ്‍സും സിജോമോന്‍ 23 പന്തില്‍ 42 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ആനന്ദ് കൃഷ്ണന്‍ (ഏഴ്), ഷോണ്‍ റോജര്‍ (എട്ട്), വിഷ്ണു മേനോന്‍ (മൂന്ന്) എന്നിവര്‍ നിരാശപ്പെടുത്തി. ഒരുവശത്ത് ഇമ്രാന്‍ നിലയുറപ്പിച്ചു. അക്ഷയ് മനോഹര്‍ 22 പന്തിൽ 20 റണ്‍സെടുത്ത് പുറത്തായി. പി.എസ്. ജെറിന്‍ കൊച്ചിക്കായി രണ്ട് വിക്കറ്റെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തത്. 46 പന്തുകൾ നേരിട്ട സഞ്ജു 89 റൺസെടുത്താണ് പുറത്തായത്. ഒമ്പതു സിക്സുകളും നാലു ഫോറുകളും അടങ്ങുന്നതാണ് ഇന്നിങ്സ്. 26 പന്തുകളിൽനിന്നാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്. കഴിഞ്ഞ മത്സരത്തിൽ കൊല്ലം സെയ്‌ലേഴ്സിനെതിരെ സഞ്ജു വെടിക്കെട്ട് സെഞ്ച്വറി നേടിയിരുന്നു.
സഞ്ജുവിന്‍റെ അർധ സെഞ്ച്വറി കരുത്തിലാണ് കൊച്ചി ഭേദപ്പെട്ട സ്കോറിലെത്തിയത്. മുഹമ്മദ് ഷാനു 29 പന്തിൽ 24 റൺസെടുത്ത് പുറത്തായപ്പോൾ, ആൽഫി ഫ്രാൻസിസ് ജോൺ 13 പന്തിൽ 22 റൺസെടുത്ത് പുറത്താകാതെ നിന്നു. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. വി. മനോഹരൻ (ഏഴു പന്തിൽ അഞ്ച്), നിഖിൽ (11 പന്തിൽ 18), നായകൻ സാലി സാംസൺ (ആറു പന്തിൽ 16), പി.എസ്. ജെറിൻ (പൂജ്യം), മുഹമ്മദ് ആഷിഖ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
തൃശൂരിനായി കെ. അജിനാസ് ഹാട്രിക് നേടി. 18 ഓവറിൽ സഞ്ജുവിനെയും ജെറിനെയും ആഷിഖിനെയും പുറത്താക്കിയാണ് താരം കെ.സി.എല്ലിലെ ആദ്യ ഹാട്രിക് സ്വന്തമാക്കിയത്. നാലു ഓവർ എറിഞ്ഞ താരം 30 റൺസ് വഴങ്ങി മത്സരത്തിൽ മൊത്തം അഞ്ചു വിക്കറ്റെടുത്തു. ആനന്ദ് ജോസഫ്, സിബിൻ ഗിരീഷ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.